ചെന്നൈയിൽ മഴ തുടരുന്നു; ‌കെടുതികൾ കുറവ്

ചെന്നൈ സെൻട്രലിൽ രാജീവ്ഗാന്ധി മെഡിക്കൽ കോളജ് ആശുപത്രിക്കു മുന്നിലെ വെള്ളക്കെട്ട്. ചിത്രം: മനോരമ

ചെന്നൈ ∙ നിലയ്ക്കാതെ തുടരുന്ന മഴ മൂലം ചെന്നൈയിൽ പതിനായിരത്തിലേറെപ്പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടു രൂക്ഷമാണ്. സമീപ ജില്ലകളായ കാഞ്ചീപുരം, തിരുവള്ളൂർ എന്നിവിടങ്ങളിലും മഴ ശക്തമായി തുടരുന്നു. മഴ നാളെ വരെ തുടരുമെങ്കിലും 2015ലെന്ന പോലെ കെടുതികൾ ഭയക്കേണ്ടതില്ലെന്നു കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു.

ചെന്നൈയിൽ പ്രധാന പാതകളിലെ വെള്ളം മോട്ടോർ ഉപയോഗിച്ചു പമ്പ് ചെയ്തു കളയുന്നുണ്ടെങ്കിലും രാത്രി വൈകിയും തുടരുന്ന മഴ മൂലം വീണ്ടും വെള്ളക്കെട്ടുണ്ടാകുന്നുണ്ട്. വടക്കൻ ചെന്നൈയിലെ എംകെബി നഗർ, തെക്കൻ ചെന്നൈയിലെ മടിപ്പാക്കം, പടിഞ്ഞാറൻ പ്രദേശമായ കാരപ്പാക്കം എന്നിവിടങ്ങളിൽ സുരക്ഷ മുൻനിർത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു.