കോടതിയിൽ നാടകീയ രംഗങ്ങൾ; ബെഞ്ചിന്റെ ഘടന തീരുമാനിക്കേണ്ടതു താനെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി ∙ മെഡിക്കൽ കോഴക്കേസിൽ സുപ്രീം കോടതിയിൽ ഇന്നലെ നടന്നതു നാടകീയ രംഗങ്ങൾ. രാവിലെ, മെഡിക്കൽ കോഴക്കേസുമായി ബന്ധപ്പെട്ടു കാംപെയിൻ ഫോർ ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി ആൻഡ് റിഫോംസ് (സിജെഎആർ) നൽകിയ ഹർജി, കാമിനി ജയ്‌സ്വാൾ നൽകിയ സമാന ഹർജിക്കൊപ്പം ഭരണഘടനാ ബെഞ്ച് ഈ മാസം 13നു പരിഗണിക്കുമെന്നു ജഡ്‌ജിമാരായ എ.കെ.സിക്രി, അശോക് ഭൂഷൺ എന്നിവരുടെ ബെഞ്ച് വ്യക്‌തമാക്കി. ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന ആരോപണം ഗുരുതരമെന്നും നീതിയുടെ നീർച്ചാലിനെ മലിനമാക്കാൻ ആരെയും അനുവദിക്കില്ലെന്നും ഇവർ വ്യക്‌തമാക്കി. സുപ്രീം കോടതിയുടെ ബാർ അസോസിയേഷനെ കക്ഷി ചേരാൻ അനുവദിച്ചു.

∙ സിജെഎആറിന്റെ ഹർജി ഏഴംഗ ബെഞ്ച് ഇന്നലെത്തന്നെ പരിഗണിക്കുമെന്ന് ഉച്ചതിരിഞ്ഞ് 2.45നു പ്രശാന്ത് ഭൂഷണെ സുപ്രീം കോടതിയുടെ റജിസ്‌ട്രി അറിയിച്ചു. ഏഴംഗ ബെഞ്ചിന്റെ ഘടന റജിസ്‌ട്രി പരസ്യപ്പെടുത്തി. എന്നാൽ, അഞ്ചംഗ ബെഞ്ചാണു കേസ് പരിഗണിക്കുകയെന്നു റജിസ്‌ട്രി പിന്നീടു വ്യക്‌തമാക്കി. ജഡ്‌ജിമാരായ എ.കെ.സിക്രിയും അശോക് ഭൂഷണുമാണു ബെഞ്ചിൽനിന്ന് ഒഴിവാക്കപ്പെട്ടത്.

∙ മൂന്നു മണിക്കു ചീഫ് ജസ്‌റ്റിസിന്റെ കോടതിയിൽ അഞ്ചംഗ ബെഞ്ച് കേസ് പരിഗണിച്ചു. ജഡ്‌ജിമാരായ ആർ.കെ.അഗർവാൾ, അരുൺ മിശ്ര, അമിതാവ റോയ്, എ.എം.ഖാൻവിൽക്കർ എന്നിവരാണു ബെഞ്ചിൽ ചീഫ് ജസ്‌റ്റിസിനൊപ്പം ഉണ്ടായിരുന്നത്. സീനിയോറിറ്റി പട്ടികയിൽ എട്ടാമത്തെയാളാണു ജസ്‌റ്റിസ് അഗർവാൾ. മറ്റുള്ളവർ അദ്ദേഹത്തെക്കാൾ ജൂനിയറും.

∙ ബെഞ്ച് ഉന്നയിച്ച ചില ചോദ്യങ്ങൾ: ജഡ്‌ജിക്കെതിരെ എങ്ങനെ എഫ്‌ഐആർ റജിസ്‌റ്റർ ചെയ്യും? എസ്‌ഐയാണോ ജുഡീഷ്യറിയെ ചോദ്യംചെയ്യുക?

∙ നിശ്‌ചിത അംഗസംഖ്യയുള്ള ബെഞ്ച് രൂപീകരിക്കണമെന്നു ചീഫ് ജസ്‌റ്റിസിനോട് ഉത്തരവിടാൻ ആർക്കും അധികാരമില്ലെന്നു ബെഞ്ച് പറഞ്ഞു. ചീഫ് ജസ്‌റ്റിസാണു കോടതിയുടെ അധിപൻ. നിയമത്തിന്റെ തത്വവും ജുഡീഷ്യറിയുടെ അച്ചടക്കവും കോടതിമുറിയിലെ മര്യാദകളും പാലിച്ചില്ലെങ്കിൽ നീതി നടത്തിപ്പിൽ അരാജകത്വമുണ്ടാവും.

∙ പ്രശാന്ത് ഭൂഷൺ വാദങ്ങൾ ഉന്നയിക്കാൻ ശ്രമിച്ചപ്പോഴൊക്കെയും ബാർ അസോസിയേഷന്റെ നേതാക്കളും മറ്റു ചില അഭിഭാഷകരും ബഹളംവച്ചു. ഹർജിക്കാരെ എതിർക്കുന്ന അഭിഭാഷകർക്കു നിലപാടു പറയാൻ ബെഞ്ച് അവസരം നൽകി. എന്താണു ചെയ്യേണ്ടതെന്ന് അവരോടു ചീഫ് ജസ്‌റ്റിസ് ചോദിച്ചപ്പോൾ, ഹർജിക്കാർക്കെതിരെ കോടതിയലക്ഷ്യത്തിനു നടപടിയെടുക്കണമെന്ന് അഭിഭാഷകർ വിളിച്ചുപറഞ്ഞു. ബഹളത്തിനിടെ പ്രശാന്ത് ഭൂഷൺ കോടതിയിൽനിന്ന് ഇറങ്ങിപ്പോയി. ജസ്‌റ്റിസ് ചെലമേശ്വറിന്റെ ഉത്തരവു റദ്ദാക്കി ചീഫ് ജസ്‌റ്റിസ് ഉത്തരവു നൽകി.

∙ അസാധാരണമായ നടപടികളാണു ചീഫ് ജസ്‌റ്റിസ് ആരോപണവിധേനായിട്ടുള്ള കേസിൽ സുപ്രീം കോടതികളിലുണ്ടായതെന്നു പ്രശാന്ത് ഭൂഷൺ പിന്നീടു ട്വീറ്റ് ചെയ്‌തു. കേസുമായി ബന്ധമില്ലാത്ത അഭിഭാഷകർക്കൊക്കെ തോന്നുന്നതൊക്കെ പറയാൻ ചീഫ് ജസ്‌റ്റിസ് അവസരം നൽകിയെന്നും ബെഞ്ചിലുണ്ടായിരുന്നത് അദ്ദേഹത്തിനു താൽപര്യമുള്ള ജഡ്‌ജിമാരാണെന്നും ഭൂഷൺ ആരോപിച്ചു.