രാജസ്ഥാനിൽ ഗോസംരക്ഷകരുടെ അഴിഞ്ഞാട്ടം; പശുക്കടത്ത് ആരോപിച്ച് യുവാവിനെ കൊലപ്പെടുത്തി

ജയ്പു‍ർ ∙ പശുക്കടത്താരോപിച്ച് രാജസ്ഥാനിൽ വീണ്ടും ഗോസംരക്ഷകരുടെ അഴിഞ്ഞാട്ടം. അൽവർ ജില്ലയിലെ ഫഹാരി ഗ്രാമത്തിൽ പശുക്കളുമായി പിക്അപ് വാഹനത്തിൽ പോയ ഉമർ ഖാൻ (35) ആക്രമണത്തിൽ കൊല്ലപ്പെട്ടു. സുഹൃത്ത് താഹിർ ഖാൻ ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്. ഒപ്പമുണ്ടായിരുന്ന മൂന്നാമൻ രക്ഷപ്പെട്ടു.

വെള്ളിയാഴ്ച പുലർച്ചെ മൂന്നു പശുക്കളും കിടാങ്ങളുമായി പോകുമ്പോൾ, ഒരുസംഘം വഴിയിൽ തടഞ്ഞ് ക്രൂരമായി മർദിക്കുകയും വെടിവയ്ക്കുകയും ചെയ്തു. സംഭവസ്ഥലത്തുനിന്നു 15 കിലോമീറ്റർ അകലെ റെയിൽവേ ട്രാക്കിൽ ട്രെയിൻ കയറിയ നിലയിലാണ് ഉമർ ഖാന്റെ മൃതദേഹം കണ്ടെത്തിയത്.

പശുക്കടത്തിന്റെ പേരിൽ യുവാക്കൾക്കെതിരെ ആദ്യം കേസെടുത്ത പൊലീസ്, കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ ഇന്നലെ പരാതിയുമായി എത്തിയപ്പോഴാണ് അക്രമം സംബന്ധിച്ചു കേസ് എടുക്കാൻ തയാറായത്. പ്രതികളെ പിടികൂടാതെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ വിസമ്മതിച്ചു. മൃതദേഹത്തിൽ വെടിയേറ്റ പാടില്ലെന്നാണു പൊലീസ് നിലപാട്.

സംഭവത്തിനു പൊലീസ് കൂട്ടുനിന്നതായി ആക്രമണത്തിന് ഇരയായ യുവാക്കൾ ഉൾപ്പെട്ട മേവു സമുദായാംഗങ്ങൾ ആരോപിച്ചു. ഇതേജില്ലയിലാണ് ഏപ്രിലിൽ കർഷകൻ പെഹ്‌ലു ഖാൻ (55) സമാനരീതിയിൽ കൊല്ലപ്പെട്ടത്. ഈ കേസിലെ ആറു പ്രതികളെയും രാജസ്ഥാൻ പൊലീസ് പിന്നീടു വിട്ടയച്ചു. മുസ്‌ലിം കുടുംബം വളർത്തിയിരുന്ന 51 പശുക്കളെ ഗോശാലയിലേക്കു പിടിച്ചുകൊണ്ടുപോയ സംഭവവും കഴിഞ്ഞമാസം അരങ്ങേറി.