ലോകയുദ്ധത്തിൽ മരിച്ച ഇന്ത്യൻ സൈനികർക്ക് ഫ്രാൻസിൽ സംസ്കാരം

ന്യൂഡൽഹി∙ ഒന്നാം ലോകയുദ്ധത്തിൽ വീരചരമം പ്രാപിച്ച രണ്ട് ഇന്ത്യൻ സൈനികർക്കു വർഷങ്ങൾക്കിപ്പുറം ഫ്രാൻസിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം. പാരിസിൽ നിന്ന് 230 കിലോമീറ്റർ അകലെ റിഷ്ബുർഗിൽ കഴിഞ്ഞവർഷം സെപ്റ്റംബർ 20നാണു രണ്ടു സൈനികരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തത്.

ഇതോടൊപ്പം ലഭിച്ച അടയാളങ്ങളിൽ നിന്നാണ് ഇന്ത്യയിൽ നിന്നുള്ള 39–ാം റോയൽ ഗഡ്‌വാൾ റൈഫിൾസിലെ അംഗങ്ങളായിരുന്നു ഇരുവരുമെന്നു തിരിച്ചറിഞ്ഞത്. കോമൺവെൽത്ത് വാർ ഗ്രേവ്സ് കമ്മിഷൻ ഫ്രഞ്ച് സർക്കാരുമായും ഇന്ത്യൻ എംബസിയുമായും ആലോചിച്ചാണു ല ഗോർഗിലെ ഫ്രഞ്ച് മിലിട്ടറി സെമിത്തേരിയിൽ പൂർണ സൈനിക ബഹുമതികളോടെ സംസ്കാരം നടത്താൻ തീരുമാനിച്ചത്.

ഇന്ത്യൻ സൈന്യത്തെ പ്രതിനിധീകരിച്ച് ഗഡ്‌വാൾ റൈഫിൾസ് റെജിമെന്റൽ സെന്ററിൽ നിന്നുള്ള സംഘവും കേണൽ നിതിൻ നേഗിയും ചടങ്ങി‍ൽ പങ്കെടുത്തു. ഇന്ത്യയിൽ നിന്ന് 15 ലക്ഷം സൈനികർ ഒന്നാം ലോകയുദ്ധത്തിൽ പങ്കെടുത്തതായി മുൻ സ്ക്വാഡ്രൺ ലീഡറും സൈനിക ചരിത്രകാരനുമായ റാണ ചിന്ന പറഞ്ഞു. ഇതിൽ 4500 പേർ ഫ്രാൻസ്, ബെൽജിയം എന്നിവിടങ്ങളിൽ കൊല്ലപ്പെട്ടു.