അയോധ്യ: മുസ്‌ലിം നേതാക്കളുമായി ശ്രീശ്രീ ചർച്ച നടത്തി

ചർച്ചകൾക്കു ശേഷം ഖാലിദ് റാഷിദ് ഫറാംഗിമഹലും ശ്രീ ശ്രീ രവിശങ്കറും മാധ്യമപ്രവർത്തകരോടു സംസാരിക്കുന്നു

ലക്നൗ ∙ കോടതി വിധികളിൽ നിന്നു വ്യത്യസ്തമായി, ചർച്ചകളിലൂടെയുണ്ടാകുന്ന പരിഹാരം കാലാകാലം വിലമതിക്കപ്പെടുമെന്നു ജീവനകലാ ആചാര്യൻ ശ്രീശ്രീ രവിശങ്കർ. അയോധ്യാ പ്രശ്നത്തിനു കോടതിക്കു പുറത്തു പരിഹാരം കാണാനായി അയോധ്യയിലെത്തിയതായിരുന്നു ശ്രീശ്രീ.

അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡിലെ മുതിർന്ന അംഗം കൂടിയായ ഫറാംഗിമഹൽ ദാറു‌ൽ ഉലൂം മേധാവി ഖാലിദ് റാഷിദ് ഫറാംഗിമഹലി അടക്കമുള്ള മുസ്‌ലിം നേതാക്കളെ അദ്ദേഹം കണ്ടു. എല്ലാ പ്രശ്നങ്ങളും സംവാദങ്ങളിലൂടെ പരിഹരിക്കാം. കോടതികളെ മാനിക്കുന്നുവെങ്കിലും കോടതികൾക്കു ഹൃദയങ്ങളെ യോജിപ്പിക്കാൻ കഴിയില്ല. അൻപതോ നൂറോ വർഷം കഴിഞ്ഞാലും കോടതി വിധികൾ അങ്ങനെ തന്നെ നിൽക്കും. എന്നാൽ ഹൃദയങ്ങളിലൂടെയുണ്ടാകുന്ന പരിഹാരം എക്കാലവും ആദരിക്കപ്പെടും – ശ്രീശ്രീ പറഞ്ഞു.

ശ്രീശ്രീയുമായി നടത്തിയ ചർച്ചകൾക്കു മുസ്‌ലിം വ്യക്തിനിയമ ബോർഡുമായി ബന്ധമൊന്നുമില്ലെന്നും ശ്രീശ്രീയെ ഇമാനെ ഷഹർ ആയും ഇമാമെ ഈദ്ഗാഹ് ആയുമാണു താൻ സ്വീകരിച്ചതെന്നു ഫറാംഗിമഹലി വിശദീകരിച്ചു. ‘അദ്ദേഹം ഇവിടെ ഞങ്ങളെ കാണാനാണു വന്നത്. മദ്രസ വിദ്യാർഥികൾ അദ്ദേഹത്തെ ഗംഗാ ജമുനി തഹസീബ് രീതിയിൽ വരവേറ്റു.

രാജ്യവ്യാപകമായി സമുദായ സൗഹാർദം നിലനിർത്താൻ രണ്ടു പ്രമുഖ സമുദായങ്ങളെയും എങ്ങനെ ഒന്നിച്ചുകൊണ്ടുവരാം എന്നാണു ഞങ്ങൾ ചർച്ചചെയ്തത്. ഇരുവിഭാഗത്തെയും എല്ലാ തലത്തിലുമുള്ള നേതാക്കൾ തുടർച്ചയായി ഒന്നിച്ചിരുന്നു സംസാരിച്ചാൽ അഭിപ്രായ വ്യത്യാസങ്ങൾ തീർക്കാനാകുമെന്നാണു ഞങ്ങളുടെ സംഭാഷണത്തിൽ ഉരുത്തിരിഞ്ഞുവന്നത്’ – അദ്ദേഹം പറഞ്ഞു.

കോടതിവിധി വരുംമുൻപോ അതിനുശേഷമോ തീർപ്പുണ്ടാക്കാനാണോ ശ്രമമെന്ന ചോദ്യത്തിനു ശ്രീശ്രീ ഇങ്ങനെയാണു മറുപടി നൽകിയത്: ‘ഒരു സാധ്യതയും ഞങ്ങൾ തള്ളിക്കളയുന്നില്ല. ഒരു അജൻഡയുടെയും അടിസ്ഥാനത്തിലല്ല ചർച്ചകൾ. പ്രശ്നപരിഹാരത്തിന് ഒരു വഴി കണ്ടെത്താനാണു ശ്രമം. ഞങ്ങൾക്കു സമയം തരിക. എല്ലാവരോടും ഞങ്ങൾ സംസാരിക്കും. മതനേതാക്കൾ ഒന്നിച്ചിരുന്നു സംസാരിക്കും. ഈ ചർച്ചകളിലൂടെ വലിയ നേട്ടമുണ്ടാക്കാനാകുമെന്നാണു പ്രതീക്ഷ.’