ബ്രിട്ടനിൽ പോകാൻ കാർത്തി ചിദംബരത്തിന് അനുമതി

ന്യൂഡൽഹി ∙ മുൻ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന് അടുത്ത മാസം ഒന്നു മുതൽ 10 വരെ ബ്രിട്ടനിൽ പോകാൻ സുപ്രീം കോടതിയുടെ അനുമതി. അഴിമതിക്കേസിൽപ്പെട്ട കാർത്തിയെ വിദേശത്തുപോകാൻ അനുവദിക്കാവുന്നതാണെന്ന സിബിഐ നിലപാടു കണക്കിലെടുത്താണു നടപടി.

മകളെ കേംബ്രിജിലെ സെൽവിൻ കോളജിൽ ചേർക്കുന്നതിനാണു കാർത്തി യാത്രാനുമതി ചോദിച്ചത്. മൂന്നു ദിവസത്തിനകം വിമാനയാത്രാ വിവരങ്ങൾ ലഭ്യമാക്കണമെന്നും അടുത്ത മാസം പത്തിനകം തിരികെയെത്തുമെന്നു രേഖാമൂലം ഉറപ്പുനൽകണമെന്നും ചീഫ് ജസ്‌റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി. വ്യവസ്‌ഥയിൽ വീഴ്‌ച വരുത്തിയാൽ ഉചിതമായ നടപടിയുണ്ടാകും.

ചിദംബരം ധനമന്ത്രിയായിരിക്കേ 2007ൽ, ഐഎൻഎക്‌സ് മീഡിയ എന്ന സ്‌ഥാപനത്തിനു വിദേശത്തുനിന്നു 305 കോടിരൂപ നിക്ഷേപം സ്വീകരിക്കുന്നതിനു വിദേശനിക്ഷേപ പ്രോൽസാഹന ബോർഡ് അനുമതി നൽകി. അതിനു കാർത്തിക്കു 3.5 കോടി രൂപ കോഴ ലഭിച്ചുവെന്നാണു കേസ്. കാർത്തി വിദേശത്തു പോകുന്നതു കോടതി കഴിഞ്ഞ ജൂലൈ 14നു നൽകിയ ഇടക്കാല ഉത്തരവിലൂടെ തടഞ്ഞിരുന്നു.