Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യാന്തര കോടതിയിൽ ഇന്ത്യൻ ജയം; ജഡ്‍ജിയായി ദൽവീർ ഭണ്ഡാരി വീണ്ടും

PTI11_21_2017_000023B രാജ്യാന്തര കോടതിയിൽ വീണ്ടും ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ട ദൽവീർ ഭണ്ഡാരിയെ (ഇടത്ത്) അഭിനന്ദിക്കുന്ന യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യദ് ‌അക്‌ബറുദ്ദീൻ.

ന്യൂയോർക്ക്∙ രാജ്യാന്തര കോടതി (ഐസിജെ)യിലെ നാടകീയ വോട്ടുനീക്കങ്ങൾക്കൊടുവിൽ ഇന്ത്യയ്ക്ക് നയതന്ത്ര വിജയം. ബ്രിട്ടന്റെ ക്രിസ്റ്റഫർ ്രഗീൻവുഡിനെ പിന്തള്ളി ഇന്ത്യയുടെ ദൽവീർ ഭണ്ഡാരി (70) രാജ്യാന്തര കോടതിയിൽ വീണ്ടും ജഡ്ജിയായി. പൊതുസഭയിലെ 193 വോട്ടുകളിൽ 183 വോട്ടും രക്ഷാസമിതിയിൽ ആകെയുള്ള പതിനഞ്ചു വോട്ടുകളും സ്വന്തമാക്കിയാണ് ഭണ്ഡാരിയുടെ തിളങ്ങുന്ന വിജയം. ഭണ്ഡാരിക്ക് അടുത്ത ഒൻപതു വർഷം കൂടി ജഡ്ജിയായി തുടരാം.

വോട്ടെടുപ്പിനു മൂന്നു മണിക്കൂർ മുൻപ്, പൊതുസഭ, രക്ഷാസമിതി അധ്യക്ഷന്മാർ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യദ് ‌അക്‌ബറുദ്ദീനുമായും ബ്രിട്ടന്റെ പ്രതിനിധി മാത്യു റൈക്രോഫ്റ്റുമായും ചർച്ച നടത്തിയിരുന്നു. മൽസരത്തിൽനിന്നു പിന്മാറില്ലെന്ന് ഇന്ത്യ ഉറച്ച നിലപാടെടുത്തു. ഇതിനിടെ വാഷിങ്ടനിൽ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സനുമായും ഇന്ത്യൻ വംശജകൂടിയായ യുഎൻ അംബാസഡർ നിക്കി ഹേലിയുമായും ചർച്ച നടത്തി.

രാജ്യങ്ങൾ തമ്മിലുള്ള നിയമയുദ്ധങ്ങൾക്കു രാജ്യാന്തര നിയമത്തിൻ കീഴിൽ തീർപ്പുണ്ടാക്കുന്ന രാജ്യാന്തര കോടതിക്ക് പതിനഞ്ചു ജഡ്ജിമാരുടെ ബെഞ്ചാണുള്ളത്. മൂന്നു വർഷത്തിലൊരിക്കൽ അഞ്ചു ജഡ്ജിമാരെ വീതം പുതുതായി തിര‍ഞ്ഞെടുക്കും. ഭണ്ഡാരി തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപനം വന്നയുടൻ വിവിധ രാജ്യങ്ങളുടെ യുഎൻ പ്രതിനിധികൾ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യദ് ‌അക്‌ബറുദ്ദീന് അഭിനന്ദനങ്ങൾ നേർന്നു. ഇന്ത്യയുടെ വിജയം പ്രഖ്യാപിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജും ട്വീറ്റ് ചെയ്തു.

മുട്ടുമടക്കി ബ്രിട്ടൻ

രക്ഷാസമിതിയിലെ സ്ഥിരാംഗ രാജ്യത്തിന്റെ സ്ഥാനാർഥിക്ക് സ്ഥിരാംഗമല്ലാത്ത രാജ്യത്തിന്റെ സ്ഥാനാർഥിയോട് തോൽവി സമ്മതിക്കേണ്ടി വരുക! പരമാവധി പിടിച്ചുനിന്നെങ്കിലും വോട്ടെടുപ്പിന് ഒരു മണിക്കൂർ മുൻപ് ബ്രിട്ടനു സ്വന്തം സ്ഥാനാർഥിയെ പിൻവലിക്കേണ്ടി വന്നു. 11 റൗണ്ട് വോട്ടെടുപ്പിലും പൊതുസഭയിൽ ഇന്ത്യയ്ക്കും രക്ഷാസമിതിയിൽ ബ്രിട്ടനും ഭൂരിപക്ഷം കിട്ടിയതോടെ വോട്ടെണ്ണം അട്ടിമറിക്കാൻ പൊതുസഭയുടെയും രക്ഷാസമിതിയുടെയും സംയുക്ത സമിതി രൂപീകരിക്കണമെന്ന അസാധാരണ ആവശ്യം വരെ ബ്രിട്ടൻ ഉന്നയിച്ചു. ഒടുവിൽ, പന്ത്രണ്ടാം ഘട്ട വോട്ടെടുപ്പിനു തൊട്ടു മുൻപ് സ്വന്തം സ്ഥാനാർഥി ക്രിസ്റ്റഫർ ്രഗീൻവുഡിനെ പിൻവലിക്കുകയാണെന്നു വ്യക്തമാക്കി ബ്രിട്ടന്റെ സ്ഥിരം പ്രതിനിധി മാത്യു റൈക്രോഫ്റ്റ് പൊതുസഭ, രക്ഷാസമിതി അധ്യക്ഷന്മാർക്കു കത്തെഴുതുകയായിരുന്നു.

ഇന്ത്യയുമായി എക്കാലവും തുടർന്നുപോരുന്ന അടുത്ത സൗഹൃദം മനസ്സിൽ വച്ചുകൊണ്ടാണു നടപടിയെന്നും കത്തിൽ റൈക്രോഫ്റ്റ് പ്രത്യേകം പരാമർശിച്ചു. വീണ്ടും വോട്ടിങ് നടത്തിയാലും പ്രതിസന്ധിക്കു പരിഹാരമുണ്ടാക്കാനാകാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കമെന്നും സമ്മതിച്ചു. ബ്രിട്ടൻ പരാജയപ്പെട്ടെങ്കിലും അടുത്ത സുഹൃത്തായ ഇന്ത്യയാണല്ലോ ജയിക്കുന്നതെന്ന സന്തോഷമുണ്ടെന്നും റൈക്രോഫ്റ്റിന്റെ കത്തിലുണ്ട്. രഹസ്യ ബാലറ്റുണ്ടെങ്കിൽ മാത്രം ഗ്രീൻവുഡിനു വോട്ടുചെയ്യാമെന്ന് സുഹൃദ്‌രാഷ്ട്രങ്ങൾ നിലപാടെടുത്തതാണ് ബ്രിട്ടന് അവസാനഘട്ടത്തിൽ തിരിച്ചടിയായത്. ലോകരാജ്യങ്ങൾ ഇന്ത്യയെ പിണക്കാൻ മടിച്ചപ്പോൾ, നഷ്ടം ബ്രിട്ടന്റേതായി. ഭണ്ഡാരി തിരഞ്ഞെടുക്കപ്പെട്ടത് ബ്രിട്ടന് രാജ്യാന്തര തലത്തിൽ നാണക്കേടായെന്ന് ദ് ഗാർഡിയൻ അടക്കമുള്ള ബ്രിട്ടിഷ് പത്രങ്ങളും എഴുതി

∙ ദൽവീർ ഭണ്ഡാരി (70) 

രാജസ്ഥാൻ സ്വദേശി. അച്ഛൻ മഹാവീർ ചന്ദ് ഭണ്ഡാരിയും മുത്തച്ഛൻ ബി.സി.ഭണ്ഡാരിയും രാജസ്ഥാനിലെ പ്രശസ്ത അഭിഭാഷകരായിരുന്നു. ജോധ്പുർ സർവകലാശാലയിൽ നിയമപഠനം. യുഎസിലെ ഷിക്കാഗോയിലും അഭിഭാഷകജോലി ചെയ്തു. രാജസ്ഥാൻ ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്തു. 

2004 ജൂലൈ മുതൽ ഒക്ടോബർ വരെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ്. 2005 ഒക്ടോബറിൽ സുപ്രീം കോടതി ജഡ്‍ജിയായി. 2012 ജൂണിൽ രാജ്യാന്തര കോടതി അംഗം. 2014ൽ രാഷ്ട്രം പദ്മഭൂഷൺ നൽകി ആദരിച്ചു. 

രാജ്യാന്തര കോടതി ബെഞ്ചിൽ ബ്രിട്ടനും ഇന്ത്യയും

ബ്രിട്ടൻ 

ഇതുവരെ ഏഴുപേർ ബ്രിട്ടന്റെ പ്രതിനിധിയായി കോടതിയിൽ എത്തി. നാലു ജഡ്ജിമാർ അധ്യക്ഷപദം വഹിച്ചു. റോസലിൻ ഹിഗിൻസ് രാജ്യാന്തര കോടതിയുടെ ആദ്യ വനിതാ അധ്യക്ഷ. 

ജഡ്ജിമാർ 

∙ സർ അർനോൾഡ് മാക്നയർ 1946–55 (പ്രസിഡന്റ് 1952–55) 

∙ സർ ഹെർഷ് ലാൻഡർപാഷ് 1955–60 

∙ സർ ജെറാൾഡ് ഫിസ്മൗറീസ് 1960–73 

∙ സർ ഹംഫ്രി വാൽഡോക്ക് 1973–81 (പ്രസിഡന്റ് 1979–81) 

∙ സർ റോബർട്ട് ജെന്നിങ്സ് 1982–95 (പ്രസിഡന്റ് 1991–94) 

∙ റോസലിൻ ഹിഗിൻസ് 1995–2009 (പ്രസിഡന്റ് 2006–09) 

∙ ക്രിസ്റ്റഫർ ഗ്രീൻവുഡ് 2009–2017 

ഇന്ത്യ

രാജ്യാന്തര കോടതി ബെഞ്ചിൽ അംഗമായിട്ടുള്ളതു നാല് ഇന്ത്യക്കാർ. 15 വർഷം ജഡ്ജിയായിരുന്ന നാഗേന്ദ്ര സിങ് കോടതിയുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികൾ വഹിച്ചു. 

ജഡ്ജിമാർ

∙ സർ ബെനഗൽ റാവു (1952–53) 

∙ നാഗേന്ദ്ര സിങ് (1973–88) പ്രസിഡന്റ് (1985–88), വൈസ് പ്രസിഡന്റ് (1976–79) 

∙ ആർ.എസ്.പാഥക്ക് (1989–91) 

∙ ദൽവീർ ഭണ്ഡാരി (2012 മുതൽ)

∙ ‘രാജ്യാന്തര കോടതിയിലേക്കു ദൽവീർ ഭണ്ഡാരി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് അഭിമാനനിമിഷം. വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും ടീമിനും അഭിനന്ദനങ്ങൾ. വിശ്രമമെന്തെന്നറിയാത്ത അവരുടെ നയതന്ത്ര ശ്രമങ്ങളാണ് ഇന്ത്യയ്ക്ക് ഈ നേട്ടം സമ്മാനിച്ചത്’ – പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റിൽനിന്ന്