‘എയർപോർട്ടിൽ വിഐപി സംസ്കാരമില്ല’

ന്യൂഡൽഹി ∙ നമ്മുടെ വിമാനത്താവളങ്ങളിൽ വിഐപികൾക്കു പ്രത്യേക പരിഗണനയില്ലെന്നു വ്യോമ ഗതാഗത മന്ത്രി ജയന്ത് സിൻഹ. എന്നാൽ, സുരക്ഷാ ഭീഷണിയുള്ള പ്രമുഖ വ്യക്തികൾക്കു ചില ഇളവുകൾ നൽകാറുണ്ട്. 

ഇംഫാൽ വിമാനത്താവളത്തിൽ വിഐപി മൂലം വിമാനം വൈകിയതിന്റെ പേരിൽ ഒരു യാത്രക്കാരി ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനത്തോടു കയർത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു മറുപടിയായാണ്, സുരക്ഷാ പ്രശ്നങ്ങൾ മൂലം ചില നിയന്ത്രണങ്ങൾ ഉണ്ടെന്നല്ലാതെ വിമാനത്താവളങ്ങളിൽ വിഐപി സംസ്കാരം നിലവിലില്ലെന്നു മന്ത്രി പ്രതികരിച്ചത്.

ഇന്ത്യയിൽ 32 വിഭാഗം വിഐപി– വിവിഐപികളെ സുരക്ഷാ പരിശോധനകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മറ്റു രാജ്യങ്ങളിലും വിവിധ തരം പ്രോട്ടോക്കോൾ പരിഗണനകൾ നിലവിലുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി.