Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമാനത്താവളങ്ങളിലെ ‘യാത്ര’ സുഗമമാക്കാൻ നടപടി

airport-traffic

രാജ്യത്തെ വിമാനയാത്ര സുഗമവും ആയാസരഹിതവുമാക്കാൻ കൂടുതൽ നടപടികളുമായി രാജ്യത്തെ വ്യോമയാന മേഖലയുടെ നിയന്ത്രണച്ചുമതലയുള്ള സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ (ഡിജിസിഎ). കൂടുതൽ യാത്രക്കാരെ വിമാനയാത്രയ്ക്കു പ്രേരിപ്പിക്കുന്നതാണ് ഡിജിസിഎ നടപടികൾ. ഇതുവഴി വ്യോമയാന മേഖലയുടെയും രാജ്യത്തിന്റെ പൊതുവായ വികസനത്തിനും വഴിയൊരുക്കുകയാണു ലക്ഷ്യം. 

ഇതിന്റെ ഭാഗമായി രാജ്യത്തെ വിമാനത്താവളങ്ങളിൽ യാത്രക്കാർക്കുള്ള സൗകര്യങ്ങൾ വർധിപ്പിക്കാൻ വിമാനത്താവള ഓപ്പറേറ്റർമാർക്കും വിമാനക്കമ്പനികൾക്കും നിർദേശം നൽകി. പ്രതിവർഷം അര ലക്ഷത്തിലേറെ വിമാന സർവീസ് നടത്തുന്ന വിമാനത്താവളങ്ങളിൽ നിർദേശങ്ങൾ ഉടനടി നടപ്പാക്കാനാണു നിർദേശം. 

∙ഹാൻഡ് ബാഗേജുകൾ കൊണ്ടുപോകാൻ ചെറിയ ട്രോളികൾ.

രാജ്യത്തെ വിമാനത്താവളങ്ങളിൽ വികസനപ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നതായി ഡിജിസിഎ നിരീക്ഷിക്കുന്നു. ഇതേത്തുടർന്ന് ചെക് ഇൻ ഏരിയ മുതൽ സെക്യൂരിറ്റി ഏരിയ വരെയും തുടർന്ന് ബോഡിങ് ഗേറ്റു വരെയുമുള്ള ദൂരം എല്ലാ വിമാനത്താവളങ്ങളിലും ഏറെ വർധിച്ചു.

ഇതുമൂലം ഏറെ ദൂരം ഹാൻഡ് ബാഗുകൾ കയ്യിൽ കൊണ്ടുനടക്കേണ്ട അവസ്ഥയാണു രാജ്യത്തെ വിമാനയാത്രക്കാർക്ക്. ഇത് ഷോപ്പിങ്, മറ്റു വിനോദങ്ങൾ തുടങ്ങിയവയ്ക്കും വിഘാതം സൃഷ്ടിക്കുന്നു. ഇതിനൊരു പരിഹാരമായാണു യാത്രക്കാർക്കു ചെക്ഇൻ ചെയ്ത ശേഷം തങ്ങളുടെ ഹാൻഡ് ബാഗേജുകൾ സൂക്ഷിക്കാൻ ചെറിയ ട്രോളികൾ (ഡിജിസിഎ നിശ്ചയിച്ച അളവിലുള്ളത്) നിർബന്ധമാക്കിയത്. 

∙ പ്രായമായവർക്കും രോഗികൾക്കും ഓട്ടമേറ്റഡ് ബഗി

വിമാനത്താവളങ്ങളിൽ ചെക്ഇൻ ഏരിയ, സെക്യൂരിറ്റി ഏരിയ ബോർഡിങ് ഗേറ്റ് എന്നിവ തമ്മിലുളള അകലം വർധിച്ചതോടെ പ്രായമായവർക്കും രോഗികൾ, ഗർഭിണികൾ തുടങ്ങിയവർക്കും വിമാനത്തിൽ കയറുന്നതിന് ഏറെ ദൂരം നടക്കേണ്ട അവസ്ഥയുണ്ടാകുന്നുണ്ട്. ഇതു പരിഹരിക്കുന്നതിനാണു വിമാനത്താവളങ്ങളിൽ ഓട്ടമേറ്റഡ് ബഗികൾ ഏർപെടുത്തണമെന്നു ഡിജിസിഎ നിർദേശിച്ചിട്ടുള്ളത്. 

ബഗി സൗജന്യമായി ഏർപെടുത്താൻ വിമാനത്താവളക്കമ്പനിയും വിമാനക്കമ്പനികളും നടപടി സ്വീകരിക്കണം. ഇവ ലഭ്യമാണെന്ന് വിമാനത്താവളത്തിലെ പ്രധാന സ്ഥലത്ത് യാത്രക്കാർക്ക് കാണത്തക്ക വിധം പ്രദർശിപ്പിക്കുകയും വേണം. വിമാനത്താവളക്കമ്പനിയുടെയും വിമാനക്കമ്പനികളുടെയും വെബ്സൈറ്റിലും മറ്റും ഇതു പരസ്യപ്പെടുത്തുകയുമാവാം. 

∙ യാത്രക്കാരുടെ പരാതി കൈകാര്യം ചെയ്യാൻ പ്രത്യേക സെൽ

യാത്രക്കാരിൽനിന്നു ലഭിക്കുന്ന പരാതി നിശ്ചിത സമയപരിധിക്കുള്ളിൽ പരിഹരിക്കപ്പെടാൻ പ്രത്യേക സംവിധാനം ഉണ്ടാക്കണം. ഇതിനായി പ്രത്യേക നോഡൽ ഓഫിസറെ നിയമിക്കാവുന്നതാണ്. വിമാനത്താവളക്കമ്പനിയും വിമാനക്കമ്പനികളും പരാതികൾ കൈകാര്യം ചെയ്യുന്ന തങ്ങളുടെ നോഡൽ ഓഫിസറുടെയും അപ്‌ലറ്റ് അതോറിറ്റിയുടെയും വിശദവിവരങ്ങൾ വിമാനത്താവളത്തിലെ പ്രധാന ഭാഗങ്ങളിൽ വ്യക്തമായി പ്രദർശിപ്പിക്കണം. ഇവരുടെ ഫോൺ നമ്പറുകൾ, ഇ–മെയിൽ വിലാസം തുടങ്ങിയവയും ചേർക്കണം. വിമാനത്താവളക്കമ്പനിയുടെയും വിമാനക്കമ്പനികളുടെയും വെബ്സൈറ്റിലും ഇതു പ്രസിദ്ധീകരിക്കണം.

ലഭിക്കുന്ന പരാതിക്കു രസീതു നൽകണം. പരാതികൾ എത്രയും പെട്ടെന്നു പരിഹരിക്കപ്പെടണം. ഇത് ഒരു കാരണവശാലും ഒരു മാസത്തിലധികം നീളരുത്. ഒരു മാസമായിട്ടും പരാതികൾ പരിഹരിക്കപ്പെട്ടില്ലെങ്കിൽ യാത്രക്കാർക്ക് ഡിജിസിഎയെ നേരിട്ടോ മറ്റു പരാതി പരിഹാര സംവിധാനങ്ങളെയോ സമീപിക്കാവുന്നതാണ്. ഡിജിസിഎയെ sugam.dgca@nic.in എന്ന വിലാസത്തിൽ പരാതികൾ നൽകാവുന്നതാണ്. 

യാത്രക്കാരിൽനിന്നു ലഭിക്കുന്ന ഓരോ മാസത്തെയും പരാതികൾ ക്രോഡീകരിച്ച് പ്രത്യേക ഫോമാറ്റിൽ അടുത്ത മാസം പത്തിനകം ഡിജിസിഎയ്ക്ക് നൽകണം. പരാതിയിൽ അതു വരെ എടുത്ത നടപടികളും ഇതിൽ കാണിച്ചിരിക്കണം. 

∙യാത്രക്കാരോട് മര്യാദയോടെയുള്ള പെരുമാറ്റം ഉറപ്പാക്കണം. 

മിക്ക വിമാനക്കമ്പനികളും ഗ്രൗണ്ട് ഹാൻഡ്‌ലിങ് ജോലികൾ പുറംകരാർ നൽകിയതായി ഡിജിസിഎ നിരീക്ഷിക്കുന്നു. ഇതുമൂലം യാത്രക്കാരുടെ  പരാതികളും മറ്റും വർധിച്ചുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതു പരിഹരിക്കാൻ, യാത്രക്കാരോട് ഇടപെടുന്ന ഗ്രൗണ്ട് ഹാൻഡ്‌ലിങ് ജീവനക്കാർ വിനയവും മര്യാദയും ഉള്ളവരായിരിക്കണമെന്നു വിമാനക്കമ്പനികൾക്കും വിമനാത്താവളക്കമ്പനികൾക്കും നിർദേശം നൽകിയിട്ടുണ്ട്. യാത്ര സുഗമമാക്കുന്നതിനുള്ള എല്ലാ സഹായങ്ങളും ഇവർ നൽകണം. 

ഗ്രൗണ്ട് ഹാൻഡ്‌ലിങ് ജീവനക്കാർ നിശ്ചിത സമയപരിധികളിൽ ആതിഥ്യ മര്യാദ തുടങ്ങിയവയിൽ പരിശീലനം നേടിയവരായിരിക്കണം. യാത്രക്കാരോടുള്ള ജീവനക്കാരുടെ അപമര്യാദയോടെയുള്ള പെരുമാറ്റവും മറ്റും സംബന്ധിച്ച പരാതികൾ കമ്പനികൾ അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യണം. ഇത് ഡിജിസിഎയ്ക്ക് യഥാസമയം റിപ്പോർട്ടു ചെയ്യുകയും വേണം.