ഹിമാചൽ തീരുമാനം ഇന്ന്; ഗുജറാത്തിൽ രൂപാണി 26ന് അധികാരമേൽക്കും

വിജയ് രൂപാണി

അഹമ്മദാബാദ് / ഷിംല ∙ ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഹിമാചലിൽ മുഖ്യമന്ത്രിയാരെന്ന് ഇന്നു ചേരുന്ന ബിജെപി എംഎൽഎമാരുടെ യോഗം തീരുമാനിക്കും. കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ, അഞ്ചു തവണ എംഎൽഎ ആയ ജയറാം താക്കൂർ എന്നിവരാണു സാധ്യതാ പട്ടികയിൽ മുന്നിൽ.

ഗുജറാത്തിൽ ഇന്നലെ ഗവർണർ ഒ.പി. കോഹ്‌ലിയെ സന്ദർശിച്ച വിജയ് രൂപാണി, സർക്കാർ രൂപീകരിക്കാൻ അവകാശമുന്നയിക്കുകയും എംഎൽഎമാരുടെ പട്ടിക കൈമാറുകയും ചെയ്തു. രൂപാണിക്കൊപ്പം ഉപമുഖ്യമന്ത്രി നിധിൻ പട്ടേലും കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ഗാന്ധിനഗറിലെ നിയമസഭാ വളപ്പിലായിരിക്കും ചടങ്ങ്.

ലുനാവാഡയിൽ സ്വതന്ത്രനായി ജയിച്ച കോൺഗ്രസ് വിമതൻ രത്തൻസിങ് രാത്തോഡിന്റെ പിന്തുണ കൂടിയായതോടെ ഭരണപക്ഷത്ത് 100 എംഎൽഎമാരായി. ഇതേസമയം, കോൺഗ്രസും സ്വന്തം പക്ഷത്ത് ഒരെണ്ണം വർധിപ്പിച്ചു.

മോർവ മണ്ഡലത്തിൽ നിന്നു കോൺഗ്രസ് വിമതനായി ജയിച്ച സ്വതന്ത്രൻ ഭൂപേന്ദ്രസിങ് ഖാന്ത്, രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയതിനു ശേഷം കോൺഗ്രസിനു പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ സഭയിൽ കോൺഗ്രസിനൊപ്പം 81 പേരായി. ഖാന്ത് കോൺഗ്രസിൽ ചേർന്നേക്കുമെന്നും സൂചനയുണ്ട്.