ഗുജറാത്ത് അവലോകന യോഗത്തിൽ രാഹുൽ: പാളിച്ചകൾ തിരുത്തും, അച്ചടക്കം നിലനിർത്തും

അഹമ്മദാബാദ് ∙ പാളിച്ചകൾ തിരുത്തി മുന്നോട്ടു പോയി അടുത്ത തിരഞ്ഞെടുപ്പിൽ അധികാരം പിടിക്കാൻ ഗുജറാത്തിലെ കോൺഗ്രസ് പ്രവർത്തകർക്കും എംഎൽഎമാർക്കും അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിർദേശം. പാർട്ടിയിലെ അച്ചടക്കരാഹിത്യത്തെ പരോക്ഷമായി പരാമർശിച്ച്, തിരഞ്ഞെടുപ്പുകാലത്തു പ്രവർത്തിക്കാത്തവരുടെ പേരിൽ നടപടിയുണ്ടാവുമെന്നും തിരഞ്ഞെടുപ്പുഫല അവലോകന യോഗത്തിൽ രാഹുൽ മുന്നറിയിപ്പു നൽകി.

സംഘടനാ തലത്തിൽ പിന്നാക്കം പോയതും ബിജെപി സർക്കാരിനെതിരെ ജനവികാരം വേണ്ടത്ര ഉണർത്താനാവാത്തതുമാണ് അധികാരം തൊട്ടടുത്തുവച്ചു നഷ്ടമാക്കിയതെന്നായിരുന്നു യോഗത്തിലെ പൊതുവികാരം. സംസ്ഥാനത്തിന്റെ നാലു മേഖലകളിൽനിന്നുള്ള എംഎൽഎമാരുമായും രാഹുൽ ആശയവിനിമയം നടത്തി.

കോൺഗ്രസിനു വേരോട്ടമുള്ള ഗ്രാമീണ മേഖലയിൽ ശക്തമായി തിരിച്ചുവരാൻ കഴിഞ്ഞതായി അവലോകനയോഗം വിലയിരുത്തി. പല മണ്ഡലങ്ങളിലും നേരിയ ഭൂരിപക്ഷത്തിനാണു വിജയം അടിയറവയ്ക്കേണ്ടിവന്നത്. വോട്ടിങ് യന്ത്രത്തിലെ തകരാറുകൾ ഇതിന് ആക്കം കൂട്ടി. മിക്ക മണ്ഡലങ്ങളിലെയും സ്ഥാനാർഥികളുടെ ബാഹുല്യം ഭരണവിരുദ്ധ വോട്ടുകൾ ചിതറിപ്പിച്ചതും വിനയായി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു പാർട്ടി രണ്ടര ശതമാനം അധികം വോട്ടുകൾ നേടുന്നതിനു സഹായിച്ച ഘടകങ്ങളും വിലയിരുത്തി. അധികാരം പിടിക്കാനായെങ്കിലും ബിജെപിക്ക് 1.2 ശതമാനം വോട്ടുകളേ വർധിപ്പിക്കാനായിരുന്നുള്ളൂ. മധ്യ – തെക്കൻ ഗുജറാത്തിലെ നഗര മധ്യവർഗ – ഉപരിവർഗ വോട്ടർമാരിൽ ഭൂരിപക്ഷവും ഇപ്പോഴും ബിജെപിക്കൊപ്പമാണെന്നു തെളിയിക്കുന്നതാണു തിരഞ്ഞെടുപ്പുഫലമെന്നു ചർച്ചകൾ വിലയിരുത്തി.

അയ്യർക്കു ശകാരം, രാഹുലിനു പ്രശംസ

അവലോകന യോഗത്തിൽ നേതാക്കൾ രാഹുലിനു പ്രശംസ ചൊരിഞ്ഞപ്പോൾ, മണിശങ്കർ അയ്യർക്കെതിരെ പരാതി. അയ്യരുടെ അനവസരത്തിലുള്ള ‘നീച’ പരാമർശം പാർട്ടിയുടെ വിജയസാധ്യതയെ ഇല്ലാതാക്കിയതായി കുറ്റപ്പെടുത്തുകയും ചെയ്തു. അയ്യർ ബിജെപി ഏജന്റാണെന്നും കോൺഗ്രസിന്റെ പ്രകടനം തുലയ്ക്കാൻ അവർ അയച്ചതാണെന്നും ഈയിടെ കോൺഗ്രസിൽ ചേർന്ന അൽപേശ് ഠാക്കൂർ ചാനൽ പ്രതികരണത്തിൽ കുറ്റപ്പെടുത്തി.