Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുപിയിൽ നിന്ന് മറ്റൊരു ‘ചികിത്സാദുരന്തം’; ടോർച്ച് വെളിച്ചത്തിൽ 32 രോഗികൾക്ക് തിമിര ശസ്ത്രക്രിയ

surgery-cartoon

 ലക്നൗ (യുപി) ∙ വൈദ്യുതി നിലച്ചതോ ശസ്ത്രക്രിയാ സൗകര്യമില്ലാത്തതോ തടസ്സമായില്ല, രാത്രിയിൽ 32 പേർക്കു ടോർച്ച് വെളിച്ചത്തിൽ തിമിര ശസ്ത്രക്രിയ നടത്തി യുപിയിലെ പ്രാഥമികാരോഗ്യ കേന്ദ്രം ‘മാതൃകയായി’. ശസ്ത്രക്രിയയ്ക്കു വിധേയരായവരിൽ ഭൂരിഭാഗത്തിനും കണ്ണിനു ചൊറിച്ചിലും അസ്വസ്ഥതകളും അനുഭവപ്പെടുന്നതിനാൽ ഉള്ള കാഴ്ച പോയേക്കുമെന്ന ആശങ്കയുമുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പ്രചരിക്കുകയും സംഭവം വിവാദമാകുകയും ചെയ്തതോടെ ജില്ലാ ചീഫ് മെഡിക്കൽ ഓഫിസറെയും പിഎച്ച്സി സൂപ്രണ്ടിനെയും സർക്കാർ സസ്പെൻഡ് ചെയ്തു. ജില്ലാ മജിസ്ട്രേട്ടിന്റെ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

യുപിയിലെ ഉന്നാവ് ജില്ലയിലെ നവാബ്ഗഞ്ച് പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണു തിങ്കളാഴ്ച രാത്രി പ്രാകൃത ശസ്ത്രക്രിയ അരങ്ങേറിയത്. അഞ്ചു രോഗികളെ മാത്രം പ്രവേശിപ്പിക്കാൻ സൗകര്യമുള്ള കേന്ദ്രമാണിത്. നേത്ര ശസ്ത്രക്രിയയ്ക്കുവേണ്ട യാതൊരു സൗകര്യവുമില്ല. സംസ്ഥാനത്തു ഗ്രാമീണ മേഖലയിൽ 12 മണിക്കൂർ മാത്രമേ വൈദ്യുതി വിതരണമുള്ളൂ എന്നതിനാൽ രാത്രി ഏഴുമണിയോടെ വൈദ്യുതി നിലച്ചു. ജനറേറ്റർ ഉണ്ടെങ്കിലും ചെലവുചുരുക്കലിന്റെ ഭാഗമായി ഡീസൽ വാങ്ങുന്ന പതിവില്ല. ഇതോടെ രണ്ടു ടോർച്ചിന്റെ വെളിച്ചത്തിൽ ശസ്ത്രക്രിയ നടത്തി.

ജഗദംബാ സേവാ സമിതി എന്ന സന്നദ്ധ സംഘടനയാണു കാൻപുരിൽ നിന്നു സൗജന്യ നേത്രശസ്ത്രക്രിയയ്ക്കായി രോഗികളെ കൊണ്ടുവന്നത്. ശസ്ത്രക്രിയയ്ക്കു ശേഷം വെറും തറയിലാണ് ആറു മണിക്കൂറോളം രോഗികളെ കിടത്തിയത്. അസ്വസ്ഥതയെക്കുറിച്ചു പരാതിപ്പെട്ടതോടെ ഇന്നലെ രാവിലെതന്നെ രോഗികളെ വീട്ടിലേക്കു പറഞ്ഞുവിട്ടു. വിശദമായ റിപ്പോർട്ട് ലഭിച്ചശേഷം കൂടുതൽ കടുത്ത നടപടികളുണ്ടാകുമെന്നു യുപി ആരോഗ്യമന്ത്രി സിദ്ധാർഥ് നാഥ് സിങ് അറിയിച്ചു.