കുൽഭൂഷന്റെ അമ്മ ഇടപെട്ടതോടെ പൊളിഞ്ഞത് പാക്ക് തന്ത്രം

ഇസ്‌ലാമാബാദ്∙ പറഞ്ഞുപഠിപ്പിച്ചതുപോലെ ഭീകരവാദിയാണെന്നു കുടുംബത്തോട് ഏറ്റുപറയുന്ന കുൽഭൂഷണിന്റെ സംഭാഷണം പുറത്തുവിട്ട് ഇന്ത്യയെ പ്രതിരോധിക്കാനുള്ള പാക്ക് തന്ത്രം പൊളിച്ച് അമ്മ അവന്തി. അമ്മയെയും ഭാര്യ ചേതൻകുലിനെയും ഉപചാരം ചെയ്തശേഷം, പാക്കിസ്ഥാന്റെ കുറ്റപത്രത്തിൽ പറയുന്നതുപോലെ ഭീകരപ്രവർത്തനം നടത്തിയെന്നും ചാരനാണെന്നും ജാദവ് യാന്ത്രികമായി പറഞ്ഞു തുടങ്ങുകയായിരുന്നു.

22 മാസത്തെ തടവിനുശേഷമാണു കുൽഭൂഷൻ ഭാര്യയെയും അമ്മയെയും കണ്ടത്. ഇത്രയും നാളുകൾക്കുശേഷം കുടുംബത്തെ നേരിൽ കണ്ടയാളിൽനിന്നു പ്രതീക്ഷിക്കപ്പെട്ട വികാരങ്ങൾ ഒന്നുമായിരുന്നില്ല കുൽഭൂഷനിൽ നിന്നുണ്ടായത്. ഇത് അമ്മയ്ക്ക് ഉൾക്കൊള്ളാനായില്ല. തുടർന്ന് അമ്മ അവന്തി സ്വാഭാവികമായി ദേഷ്യത്തോടെ മകനെ തിരുത്തുകയായിരുന്നു: ‘നീയെന്താണ് ഇങ്ങനെയൊക്കെ പറയുന്നത്? നീ ഇറാനിൽ ബിസിനസ് ചെയ്യുകയല്ലായിരുന്നോ? അവിടെ നിന്നല്ലേ നിന്നെ തട്ടിയെടുത്തത്?’ തട്ടിയെടുത്തവർ പറഞ്ഞുപഠിപ്പിച്ചത് അതുപോലെ പറയരുതെന്നും പാക്ക് ഉദ്യോഗസ്ഥർ നോക്കിനിൽക്കേ അവന്തി മകനോട് ആവശ്യപ്പെട്ടു.

കുൽഭൂഷനെതിരെയുള്ള തെളിവുകളുടെ കൂട്ടത്തിൽ കുടുംബത്തോടുള്ള ഏറ്റുപറച്ചിലും ഉൾപ്പെടുത്താൻ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നു നീക്കം ഉണ്ടായിരുന്നെന്നാണു സംശയിക്കപ്പെടുന്നത്. താൻ ഭീകരനാണെന്ന് അമ്മയോടും ഭാര്യയോടും ജാദവ് പറയുന്നതു റെക്കോർഡ് ചെയ്ത് ഇന്ത്യയ്ക്കെതിരെ പ്രയോഗിക്കാനായിരുന്നു നീക്കം. അതേസമയം, അമ്മ ഇടപെട്ടെങ്കിലും ജാദവിന്റെ സംഭാഷണം പാക്കിസ്ഥാൻ അനൗദ്യോഗികമായി പുറത്തുവിടാനുള്ള സാധ്യതയും ഇന്ത്യ മുന്നിൽക്കാണുന്നു.

അവന്തിയുടെ ഇടപെടലോടെ സംഭാഷണം എഡിറ്റ് ചെയ്തേ പുറത്തുവിടാനാകൂ എന്നുമാത്രം. കൂടിക്കാഴ്ച സംബന്ധിച്ച ഇരുരാജ്യങ്ങളുടെയും ധാരണയ്ക്കു വിരുദ്ധമായാണു പല കാര്യങ്ങളും നടന്നത്. കൂടിക്കാഴ്ചയ്ക്കുശേഷം അവന്തിയെയും ചേതനെയും കൊണ്ടുപോകാനുള്ള വാഹനം എത്താൻ ഏറെ വൈകിയത് ഇവരെ പാക്ക് മാധ്യമപ്രവർത്തകരുടെ മുന്നിലേക്ക് എത്തിക്കുന്നതിനുള്ള തന്ത്രമായാണു വിലയിരുത്തപ്പെടുന്നത്.