നോട്ടയ്ക്കും പിന്നിലായതിന് ബിജെപിയെ കളിയാക്കി പരസ്യം

ചെന്നൈ ∙ ആർകെ നഗർ ഉപതിരഞ്ഞെടുപ്പിൽ നോട്ടയ്ക്കു പിന്നിലായിപ്പോയതിന്റെ നാണക്കേട് വിട്ടൊഴിയാതെ ബിജെപി. ടാക്സി ബുക്കിങ് ഏജൻസിയായ ഡ്രോപ് ടാക്സിയാണു പരസ്യത്തിലൂടെ ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രകടനത്തെ ‘ട്രോളി’യത്.  ഒരു മാസികയിൽ ഇന്നലെ കമ്പനി നൽകിയ പരസ്യം ഇങ്ങനെ- നഗരത്തിനു പുറത്തേക്കു യാത്ര പോകാം. ഞങ്ങളുടെ നിരക്ക് താമര പോലെ, നോട്ടയിലും കുറവ്.

പരസ്യം മാറ്റണമെന്നാവശ്യപ്പെട്ട് ഒട്ടേറെ വിളികൾ വരുന്നുണ്ടെന്നു കമ്പനി അധികൃതർ പറഞ്ഞു. എന്നാൽ തൽക്കാലം വഴങ്ങേണ്ടതില്ലെന്നാണു തീരുമാനം. സംഗീത സംവിധായകൻ ഇളയരാജ, ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യൻ, നടന്മാരായ മോഹൻ, രേവതി എന്നിവരുടെ ചിത്രങ്ങൾ പരസ്യത്തിനൊപ്പമുണ്ട്. പരസ്യം ബിജെപിയെ ഉദ്ദേശിച്ചല്ലെന്നും ‘മൗനരാഗം’ എന്ന ചിത്രത്തിലെ ‘മന്ത്രം വന്ത’ എന്ന ഗാനത്തിന്റെ ചെറിയ ട്വിസ്റ്റാണെന്നുമാണു കമ്പനിയുടെ വാദം.