കരസേനാ ദിനത്തിൽ ഇരട്ട പ്രഹരം; 7 പാക്ക് സൈനികരെയും 5 ഭീകരരെയും വധിച്ചു

ന്യൂഡൽഹി ∙ പാക്ക് സൈനികർക്കും ഭീകരർക്കുമെതിരെ ആഞ്ഞടിച്ച് ഇന്ത്യ. നിയന്ത്രണരേഖയിൽ കഴിഞ്ഞദിവസം ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടതിനു തിരിച്ചടിയായി കശ്മീരിലെ പൂഞ്ചിൽ മേജർ ഉൾപ്പെടെ ഏഴ് പാക്ക് സൈനികരെയും ഉറിയിൽ നുഴഞ്ഞു കയറ്റത്തിനു ശ്രമിച്ച അഞ്ചു ഭീകരരെയും വധിച്ചു. കരസേനാ ദിനത്തിലായിരുന്നു ഇന്ത്യൻ സേനയുടെ പ്രത്യാക്രമണം.

റിപ്പബ്ലിക് ദിനത്തിൽ രാജ്യത്തു ചാവേറാക്രമണം ലക്ഷ്യമിട്ടെത്തിയ ഭീകരരെയാണു വധിച്ചത്. പ്രകോപനം തുടർന്നാൽ, പാക്കിസ്ഥാനെതിരെ കടുത്ത സൈനിക നടപടിക്കു മടിക്കില്ലെന്നു സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് മുന്നറിയിപ്പു നൽകി.

ഉറി സെക്ടറിൽ ഝലം നദി കടക്കാനുള്ള ശ്രമത്തിനിടെയാണ് അഞ്ച് ജയ്ഷെ മുഹമ്മദ് ഭീകരരെ വധിച്ചത്. എകെ 47 തോക്കുകൾ, ഗ്രനേഡുകൾ എന്നിവ ഇവരിൽനിന്നു കണ്ടെടുത്തു. പൂഞ്ചിലെ മേന്ദർ സെക്ടറിൽ ഇന്ത്യൻ സൈന്യത്തിന്റെ വെടിയേറ്റ് ഏഴ് പാക്ക് സൈനികർ കൊല്ലപ്പെട്ടതിനു പുറമെ നാലുപേർക്കു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ഒട്ടേറെ ബങ്കറുകൾ തകർന്നു. എന്നാൽ, തങ്ങളുടെ ഭാഗത്തു നാലുപേരാണു കൊല്ലപ്പെട്ടതെന്നും ഇന്ത്യയുടെ മൂന്നു സൈനികരെ വധിച്ചെന്നും പാക്ക് സേന അവകാശപ്പെട്ടു. ഇന്ത്യൻ ഭാഗത്ത് ആർക്കും പരുക്കില്ലെന്ന് സൈനിക വൃത്തങ്ങൾ പ്രതികരിച്ചു.

പാക്ക് സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ ഇസ്‌ലാമബാദിലെ ഇന്ത്യൻ ഡപ്യൂട്ടി ഹൈക്കമ്മിഷണർ ജെ.പി.സിങ്ങിനെ വിദേശകാര്യ മന്ത്രാലയത്തിൽ വിളിച്ചുവരുത്തി പാക്കിസ്ഥാൻ പ്രതിഷേധം അറിയിച്ചു.

‘ചൈന അതിർത്തിയിലും സജ്ജം’

കൊൽക്കത്ത ∙ ഇന്ത്യൻ സേന ഏതുസാഹചര്യങ്ങളെ നേരിടാനും സജ്ജമാണെന്നും ചൈന ഇനി സാഹസത്തിനു ശ്രമിക്കുമെന്നു തോന്നുന്നില്ലെന്നും കിഴക്കൻ കമാൻഡ് മേധാവി ലഫ്. ജനറൽ അഭയ് കൃഷ്ണ. അരുണാചൽ പ്രദേശിലെ ടൂടിങ് മേഖലയിൽ അതിക്രമിച്ചു കയറി റോഡ് നിർമിക്കാനുള്ള ചൈനയുടെ ശ്രമം തടഞ്ഞ് അവരെ തിരിച്ചോടിച്ചതു പരാമർശിച്ചായിരുന്നു കരസേന ദിനത്തിൽ ലഫ്. ജനറലിന്റെ പ്രതികരണം.