Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇസ്രയേലുമായുള്ള ബന്ധം അവസാനിപ്പിക്കണം: കാരാട്ട്

prakash-karat-2

ന്യൂഡൽഹി ∙ പലസ്തീനെതിരെ കടുത്ത ആക്രമണം നടത്തുന്ന ഇസ്രയേലുമായുള്ള തന്ത്രപരവും സൈനികവുമായ ബന്ധം ഇന്ത്യ അവസാനിപ്പിക്കണമെന്നു സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ, ഇസ്രയേൽ എംബസിയിലേക്ക് ഇടതുസംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പലസ്തീൻ ജനതയുടെ സ്വാതന്ത്ര്യപോരാട്ടത്തെ ഇസ്രയേൽ അടിച്ചമർത്തുകയാണ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പോലും പലസ്തീൻ സന്ദർശിച്ചപ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദി അതിനു തയാറായില്ല. പലസ്തീൻ ജനതയുടെ വിമോചനസമരത്തിനു പിന്തുണ നൽകുന്ന ഇന്ത്യൻ നയമാണ് മോദി അട്ടിമറിച്ചതെന്നും കാരാട്ട് പറഞ്ഞു.

പ്രകടനം ഷാജഹാൻ റോഡിൽ പൊലീസ് തടഞ്ഞതു നേരിയ സംഘർഷത്തിനു വഴിവച്ചു. സിപിഐ നേതാക്കളായ ഡി. രാജ എംപി, ആനി രാജ, ഡിവൈഎഫ്ഐ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ് തുടങ്ങിയവർ പ്രസംഗിച്ചു. ഫോർവേഡ് ബ്ലോക്ക്, സിപിഐ എംഎൽ, ആർഎസ്പി എന്നിവയും പ്രകടനത്തിൽ അണിചേർന്നു.