മുഖത്തിന്റെ സവിശേഷതകളിലും ആധാർ ആളെ തിരിച്ചറിയും

ന്യൂഡൽഹി∙ മുഖത്തിന്റെ കൂടി സവിശേഷത തിരിച്ചറിഞ്ഞ് ആളെ മനസ്സിലാക്കാൻ കഴിയുംവിധമുള്ള പരിഷ്ക്കാരങ്ങൾ ഉൾപ്പെടുത്തി ആധാർ സുരക്ഷ കൂട്ടാൻ യുഐഡിഎഐ അനുമതി നൽകി. ആധാറിൽ ആളെ തിരിച്ചറിയാൻ ഇപ്പോൾ ഉപയോഗിക്കുന്നതു വിരലടയാളങ്ങളും കണ്ണിന്റെ കൃഷ്ണമണിയുമാണ്. ഇവയ്ക്കു പുറമേയാണു കൂടുതൽ സുരക്ഷിതവും എളുപ്പവുമായ മുഖം തിരിച്ചറിയൽ (ഫെയ്സ് റെക്കഗ്‌നീഷൻ) സംവിധാനം കൂടി ഏർപ്പെടുത്തുന്നത്.

പ്രായാധിക്യത്താലും മറ്റു കാരണങ്ങളാലും വിരലടയാളം വ്യക്തമല്ലാത്തവർക്കു സഹായകരമായിരിക്കും ഈ പരിഷ്ക്കാരം. ജൂലൈ ഒന്നു മുതൽ നടപ്പിലാക്കും.

മാർച്ച് ഒന്നുമുതൽ 16 അക്കമുള്ള വെർച്വൽ ഐഡി സൃഷ്ടിക്കാനുള്ള അവസരവും യുഐഡിഎഐ ഉപയോക്താക്കൾക്കു നൽകും. സർക്കാർ, ടെലികോം കമ്പനികൾ തുടങ്ങിയവരുടെ പല ആധാർ അനുബന്ധ സേവനങ്ങൾക്കും ഈ ഐഡി ഉപയോഗിക്കാം. ജൂൺ ഒന്നു മുതൽ വെർച്വൽ ഐഡി നിർബന്ധമായി സ്വീകരിക്കാൻ ആധാർ ഉപയോഗിക്കുന്ന എല്ലാ ഏജൻസികൾക്കും നിർദേശം നൽകും.

ഫെയ്സ് റെക്കഗ്‌നീഷൻ

ഉപയോക്താവിന്റെ കണ്ണുകൾ, മൂക്ക്, താടിയെല്ല് എന്നിവയുടെ കൃത്യമായ സ്ഥാനം കംപ്യൂട്ടർ ശൃംഖലയിൽ ശേഖരിക്കും. ഇവയുടെ സവിശേഷതകളുടെ അടിസ്ഥാനത്തിൽ വ്യക്തികളെ തിരിച്ചറിയാനാവും. അതീവ സുരക്ഷ വേണ്ട സാമ്പത്തിക സ്ഥാപനങ്ങൾ, സൈനികകേന്ദ്രങ്ങൾ തുടങ്ങിയിടങ്ങളിലെല്ലാം ഈ സംവിധാനം ഉപയോഗിക്കാറുണ്ട്.