കുൽഭൂഷൺ കേസ്: വാദം ഫയൽ ചെയ്യാൻ സമയക്രമമായി

ഹേഗ്∙ കുൽഭൂഷൺ ജാദവ് കേസിൽ ഇന്ത്യയും പാക്കിസ്ഥാനും വാദങ്ങൾ ഫയൽ ചെയ്യേണ്ട സമയപരിധി രാജ്യാന്തര കോടതി നിശ്ചയിച്ചു. ഇന്ത്യ ഏപ്രിൽ 17നും പാക്കിസ്ഥാൻ ജൂലൈ 17നും വാദങ്ങൾ ഫയൽ ചെയ്യണം. ഇന്ത്യൻ ചാരനെന്ന് ആരോപിച്ചു പാക്ക് കോടതി കുൽഭൂഷൺ ജാദവിനു വിധിച്ച വധശിക്ഷ കഴിഞ്ഞ മേയിൽ രാജ്യാന്തര കോടതി സ്റ്റേ ചെയ്തിരുന്നു.

കേസിൽ അന്തിമ തീരുമാനം വരെ ജാദവിന്റെ വധശിക്ഷ പാടില്ലെന്നായിരുന്നു രാജ്യാന്തര കോടതിയുടെ ഉത്തരവ്. ജാദവിനെ കാണാൻ അമ്മയ്ക്കും ഭാര്യയ്ക്കും കഴിഞ്ഞ ഡിസംബറിൽ അനുമതി ലഭിച്ചെങ്കിലും പാക്കിസ്ഥാൻ അധികൃതർ മനുഷ്യത്വരഹിതമായി പെരുമാറിയെന്ന ആരോപണം വിവാദമുയർത്തിയിരുന്നു.