തമിഴ് തായ് വാഴ്ത്ത് വിവാദം: കാഞ്ചി മഠത്തിലേക്ക് പ്രതിഷേധ മാർച്ച്

ചെന്നൈ ∙ പൊതുചടങ്ങിൽ തമിഴ് ദേശീയഗീതമായ തമിഴ് തായ് വാഴ്ത്ത് മുഴങ്ങിയപ്പോൾ എഴുന്നേറ്റു നിൽക്കാതിരുന്നതിനു കാഞ്ചി ഇളയ മഠാധിപതി വിജയേന്ദ്ര സരസ്വതി മാപ്പു പറയണമെന്നാവശ്യപ്പെട്ടു പെരിയാർ ദ്രാവിഡ കഴകം, വിസികെ തുടങ്ങിയ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ മഠത്തിലേക്കു പ്രതിഷേധ മാർച്ച് നടത്തി. സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. 

അതേസമയം, തമിഴ് തായ് വായ്ത്ത് മുഴങ്ങുമ്പോൾ താൻ ധ്യാനത്തിലായിരുന്നുവെന്ന വിജയേന്ദ്ര സരസ്വതിയുടെ വിശദീകരണം അംഗീകരിച്ചു വിവാദം അവസാനിപ്പിക്കണമെന്നാണ് അണ്ണാ ഡിഎംകെ സർക്കാരിന്റെ നിലപാട്. ഇളയ മഠാധിപതിയെ ന്യായീകരിക്കുന്ന നിലപാടാണു ബിജെപിയും സ്വീകരിച്ചത്. വിവാദത്തിനു മറുപടിയായി, മുൻപൊരിക്കൽ തമിഴ് തായ് വാഴ്ത്ത് മുഴങ്ങിയപ്പോൾ ഡിഎംകെ അധ്യക്ഷൻ എം.കരുണാനിധി ഇരിക്കുന്ന വിഡിയോ ദൃശ്യം ബിജെപി ദേശീയ സെക്രട്ടറി ഡി.രാജ പുറത്തുവിട്ടു.