ഗാന്ധി വധം: പ്രതികളെ തൂക്കിക്കൊന്നത് അവസാന വിധിക്കു മുൻപെന്നു വാദം

ന്യൂഡൽഹി ∙ മഹാത്മാ ഗാന്ധിയെ വെടിവച്ചുകൊന്ന കേസിലെ പ്രതികൾക്കു വധശിക്ഷ നൽകിയത് ഉന്നത നീതിപീഠം കേസിൽ തീർപ്പുകൽപ്പിക്കുന്നതിനു മുൻപായിരുന്നുവെന്ന് അഭിനവ് ഭാരതിനു വേണ്ടി നൽകിയ ഹർജിയിൽ ഇന്നലെ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. ഗാന്ധി വധത്തെക്കുറിച്ചു പുനരന്വേഷണം വേണ്ടെന്ന അമിക്കസ് ക്യൂരി അമരേന്ദർ ശരൺ കൊടുത്ത റിപ്പോർട്ടിനെ എതിർത്ത് അഭിനവ് ഭാരത് ട്രസ്റ്റി ഡോ.പങ്കജ് ഫഡ്നിസാണു ഹർജി നൽകിയത്.

ഗാന്ധിവധത്തിനു പിന്നിലെ ഗൂഢാലോചനക്കാരായ നഥുറാം ഗോഡ്സെ, നാരായൺ ആപ്തെ എന്നിവരെ ഇന്ത്യയിൽ സുപ്രീം കോടതി നിലവിൽ വരുന്നതിന് 71 ദിവസം മുൻപ് 1949 നവംബർ 15നു തൂക്കിക്കൊന്നു. കിഴക്കൻ പഞ്ചാബ് ഹൈക്കോടതി ഇവരുടെ മരണശിക്ഷ 1949 ജൂൺ 21നു ശരിവച്ചു. ഇതിനെതിരെ അപ്പീൽ നൽകാനുള്ള കുടുംബാംഗങ്ങളുടെ ആവശ്യം ബ്രിട്ടിഷ് പാർലമെന്റിന്റെ ഭാഗമായുള്ള പ്രിവികൗൺസിൽ 1949 ഒക്ടോബർ 26നു തള്ളി.

അപ്പീൽ ഹർജി സ്വീകരിച്ചാൽ ഇന്ത്യൻ സുപ്രീം കോടതി നിലവിൽ വരുന്ന 1950 ജനുവരി 26നു മുൻപ് ഒരു തീരുമാനത്തിലെത്താൻ കഴിയുകയില്ലെന്നു പറഞ്ഞാണു പ്രിവികൗൺസിൽ ഇതു തള്ളിയത്. എന്നാൽ സുപ്രീം കോടതി അപ്പീൽ കേൾക്കണമായിരുന്നു. അപ്പീൽ കേൾക്കാതിരുന്നതുകൊണ്ടു ഗാന്ധി വധക്കേസിന്റെ വിചാരണയ്ക്കു നിയമപരമായ അന്ത്യം ഉണ്ടായിട്ടില്ലെന്നാണു ഡോ.പങ്കജ് ഫഡ്നിസിന്റെ വാദം.