പത്മാവത്: പ്രതിഷേധം അവസാനിപ്പിച്ചില്ലെന്ന് കർണി സേന

ജയ്പുർ ∙ വിവാദ ചിത്രം പത്മാവതിനെതിരായ പ്രതിഷേധം അവസാനിപ്പിച്ചുവെന്നതു വ്യാജപ്രചാരണമെന്നു ശ്രീ രാജ്പുത് കർണി സേനാ സ്ഥാപക നേതാവ് ലോകേന്ദ്ര സിങ് കാൽവി. പ്രതിഷേധം അവസാനിപ്പിച്ചിട്ടില്ലെന്നു ശ്രീ രാഷ്ട്രീയ രാജ്പുത് കർണി സേന ദേശീയ അധ്യക്ഷൻ സുഖ്ദേവ് സിങ് ഗോഗാമദിയും അറിയിച്ചു.

ചിത്രം കണ്ടുവെന്നും രജപുത്രരുടെ ധീരതയെ വാഴ്ത്തുന്നതാണെന്നു വ്യക്തമായതിനാൽ പ്രതിഷേധം പിൻവലിച്ചുവെന്നും ശ്രീ രാഷ്ട്രീയ രാജ്പുത് കർണി സേനയുടെ മുംബൈ ഘടകം നേതാവ് യോഗേന്ദ്ര സിങ് കർത്താർ വെള്ളിയാഴ്ച പറഞ്ഞിരുന്നു. ഇതു നിഷേധിച്ചുകൊണ്ടാണു ദേശീയ പ്രസിഡന്റും സമരത്തിന് ആദ്യം മുതൽ നേതൃത്വം കൊടുക്കുന്ന ശ്രീ രാജ്പുത് കർണി സേനയുടെ മേധാവിയും രംഗത്തുവന്നത്.

സ്ഥാപിത താൽപര്യങ്ങളുമായി എട്ടു സംഘങ്ങൾ കർണിസേന എന്ന് അവകാശപ്പെട്ടു പ്രവർത്തിക്കുന്നുണ്ടെന്നും ഇപ്പോഴും പല തട്ടിപ്പു സംഘങ്ങളും ഉണ്ടായിവരുന്നുണ്ടെന്നും കാൽവി പറഞ്ഞു. രജപുത്രരുടെ വികാരങ്ങളെ മാനിക്കാതിരുന്ന ബിജെപി വലിയ വില കൊടുക്കേണ്ടി വന്നുവെന്നും രാജസ്ഥാനിലെ പരാജയം പരാമർശിച്ച് അദ്ദേഹം പറഞ്ഞു. നേരത്തേ കർണിസേന നിയോഗിച്ച രണ്ടു ചരിത്രകാരന്മാർ ശ്രീശ്രീ രവിശങ്കറിന്റെ ആവശ്യപ്രകാരം ബെംഗളൂരുവിൽ ചിത്രം കാണുകയും പ്രതിഷേധം അവസാനിപ്പിക്കാവുന്നതാണെന്നു നിർദേശിക്കുകയും ചെയ്തിരുന്നു.

അതിനിടെ, നാളെ രാജസ്ഥാൻ ഹൈക്കോടതി ജഡ്ജിയുടെ മുന്നിൽ പത്മാവതിന്റെ പ്രത്യേക പ്രദർശനം നടത്തും. ചരിത്രം വളച്ചൊടിച്ചതിന്റെ പേരിൽ സഞ്ജയ് ലീല ബൻസാലിയെയും ദീപിക പദുക്കോൺ, രൺവീർ സിങ് എന്നിവരെയും ശിക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള കേസ് തള്ളണമെന്ന ഹർജി പരിഗണിക്കുന്നതിന്റെ ഭാഗമായാണ് ഇത്.