കാണാതായ കപ്പൽ : ഇന്ത്യ നൈജീരിയയുടെ സഹായം തേടി

ന്യൂഡൽഹി ∙ പശ്ചിമാഫ്രിക്കയ്ക്കു സമീപം ഗിനിയ കടലിടുക്കിൽ നിന്ന് 22 ഇന്ത്യക്കാരുമായി കപ്പൽ കാണാതായ സംഭവത്തിൽ ഇന്ത്യ നൈജീരിയയുടെ സഹായം തേടി. അബുജയിലെ ഇന്ത്യൻ എംബസി നൈജീരിയൻ സർക്കാരിനെ ആശങ്ക അറിയിച്ച് സഹായം തേടിയതായി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കടൽക്കൊള്ളക്കാർ കപ്പൽ റാഞ്ചിയതായാണു കരുതുന്നത്.

രണ്ടു മലയാളികളും കാണാതായ കപ്പലിലുണ്ട്. സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചു വരികയാണെന്നു വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു. കപ്പലിലെ ഇന്ത്യക്കാരെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ ഹെൽപ് ലൈൻ ഏർപ്പെടുത്തി. നമ്പർ: + 234 9070343860. മുംബൈയിലെ ആംഗ്ലോ ഈസ്റ്റേൺ ഷിപ്പിങ് കമ്പനിയുടെ മറൈൻ എക്സ്പ്രസ് എണ്ണക്കപ്പലാണു കാണാതായത്.