വിമാനവാടക: മല്യ 567 കോടി രൂപ നൽകണമെന്നു ലണ്ടൻ കോടതി

ലണ്ടൻ∙ വിവാദ മദ്യവ്യവസായി വിജയ് മല്യയെ തിരിച്ചയയ്ക്കണമെന്ന ഇന്ത്യയുടെ ഹർജിയിൽ വെസ്റ്റ്മിനിസ്റ്റർ കോടതിയിൽ വിചാരണ നടക്കുന്നതിനിടെ, കിങ് ഫിഷർ വിമാനക്കമ്പനിയുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ മല്യയ്ക്കു വൻ തിരിച്ചടി. വിമാനങ്ങൾ വാടകയ്ക്കെടുത്ത വകയിൽ സിംഗപ്പൂർ ആസ്ഥാനമായ ബിഒസി ഏവിയേഷൻ കമ്പനിക്ക് ഒൻപതു കോടി ഡോളർ (567 കോടി രൂപ) നൽകാൻ ലണ്ടൻ ഹൈക്കോടതിയിലെ ബിസിനസ് ആൻഡ് പ്രോപ്പർട്ടി ബെഞ്ച് വിധിച്ചു. വാടകത്തുകയ്ക്കു പുറമെ പലിശയും കോടതിച്ചെലവും ഉൾപ്പെടെയാണു തുക.

കിങ് ഫിഷർ വിമാനക്കമ്പനിക്ക് ബിഒസി ഏവിയേഷൻ മൂന്നു വിമാനങ്ങൾ വാടകയ്ക്കു നൽകിയിരുന്നു. കരാർ പ്രകാരമുള്ള വാടക നൽകാതിരുന്നതിനാൽ നാലാമത്തെ വിമാനം നൽകിയില്ല. തുടർന്നാണു ബാക്കി തുകയ്ക്കായി കമ്പനി ലണ്ടൻ ഹൈക്കോടതിയെ സമീപിച്ചത്. കിങ്ഫിഷർ എയർലൈൻസിനു പുറമേ യുണൈറ്റഡ് ബ്രൂവറീസിനെയും കേസിൽ കക്ഷി ചേർത്തിരുന്നു.

ഇന്ത്യയിലെ ബാങ്കുകളിൽ നിന്ന് 9000 കോടി രൂപ വായ്പയെടുത്തു മുങ്ങിയെന്ന കേസിൽ മല്യയെ തിരിച്ചയയ്ക്കണമെന്ന ഇന്ത്യയുടെ ഹർജിയിൽ മാർച്ച് 16നു വിചാരണ പുനരാരംഭിക്കും. കഴിഞ്ഞ ഡിസംബറിലാണു കേസിന്റെ വിചാരണ ആരംഭിച്ചത്. മല്യയുടെ 150 കോടി ഡോളറിന്റെ ആസ്തികൾ മരവിപ്പിച്ച നടപടി റദ്ദാക്കണമെന്നാവശ്യപ്പെടുന്ന അപേക്ഷയിലും ഏപ്രിലിൽ വാദം തുടങ്ങും.