പാടത്തിനു കണ്ണുകിട്ടാതിരിക്കാൻ സണ്ണി ലിയോണിന്റെ പോസ്റ്റർ; ആന്ധ്രയിൽ കർഷകന്റെ വേറിട്ട പരീക്ഷണം

ചെഞ്ചുറെഡ്ഡി, സണ്ണിലിയോൺ

ഹൈദരാബാദ്∙ കൃഷിയിടങ്ങളിൽ‌ കണ്ണുകിട്ടാതിരിക്കാൻ വയ്ക്കുന്നത് ‍വൈക്കോൽകോലങ്ങളാണ്. എന്നാൽ ഇക്കാര്യത്തിൽ പുതിയ പരീക്ഷണമാണ് ആന്ധ്രപ്രദേശ് നെല്ലൂരിലെ കർഷകൻ ചെഞ്ചുറെഡ്ഡി നടത്തിയത്. പത്തേക്കറിൽ വിളഞ്ഞുകിടക്കുന്ന തന്റെ പാടശേഖരത്തിനു കണ്ണുകിട്ടാതിരിക്കാൻ ബോളിവുഡ് നടി സണ്ണിലിയോണിന്റെ ചിത്രമുള്ള ഫ്ലെക്സ് ബോർഡുകൾ പലയിടങ്ങളിലായി സ്ഥാപിച്ചു.

നടപടി വന്‍ വിജയമായെന്നു ചെഞ്ചു പറയുന്നു. എന്നാൽ, കൗതുകകരമായ കാര്യം ചെഞ്ചുറെഡ്ഡിക്ക് സണ്ണി ലിയോൺ ആരാണെന്ന് ഒരു ധാരണയുമില്ല. ആളുകൾ കണ്ണുവയ്ക്കുന്നതു മൂലം കൃഷിനാശം വരാതിരിക്കാനായി ‘ദൃഷ്ടിബൊമ്മലു’ എന്ന പേരിൽ വൈക്കോൽ പാവകൾ കൃഷിയിടങ്ങളിൽ സ്ഥാപിക്കുന്നത് ആന്ധ്രയിൽ പതിവാണ്.

ഇത്തവണ പാവകൾ ഉണ്ടാക്കാൻ വൈകിയതിനാല്‍, ചെഞ്ചു ഗ്രാമത്തിലുള്ള ഒരു കംപ്യൂട്ടർ സെന്റര്‍ സന്ദര്‍ശിക്കുകയും ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്ന ഏതെങ്കിലും ചിത്രം ഫ്ലെക്സാക്കി നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് സെന്റർ നടത്തുന്നവർ സണ്ണി ലിയോണിന്റെ ചിത്രം നൽകുകയായിരുന്നു. ‌