പ്രധാനമന്ത്രിയോടൊപ്പം ഹോളി ആഘോഷിക്കാൻ വൃന്ദാവനിലെ വിധവകള്‍

വൃന്ദാവൻ∙ പ്രധാനമന്ത്രിയുടെ വസതിയിൽ ഇത്തവണ ഹോളിയാഘോഷത്തിനു നിറപ്പകിട്ടേറും. വിധവകളായതിനാൽ സമൂഹം അവഗണിച്ചു മാറ്റിനിർത്തിയിരുന്ന അഞ്ചു സ്ത്രീകളാണു നിറക്കൂട്ടുകളും മധുരവുമായി മോദി ഭയ്യയെ കാണാനെത്തുന്നത്. നല്ല വലുപ്പമുള്ള 11 മൺകുടങ്ങളിലാണു പ്രത്യേകം തയാറാക്കിയ ഹെർബൽ നിറങ്ങൾ.

വൃന്ദാവനിലെ ഗോപിനാഥ് ക്ഷേത്രത്തിലെ ഹോളിയാഘോഷത്തിൽ ഇതാദ്യമായി വിധവകളെയും പങ്കെടുപ്പിച്ചതിന്റെ സന്തോഷം പങ്കിടാനായി സുലഭ് എന്ന സംഘടനയാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ടുകാണാൻ സ്ത്രീകൾക്ക് അവസരം ഒരുക്കിയത്. മോദിയെ സഹോദരനെപ്പോലെ സ്നേഹിക്കുന്നതു കൊണ്ടാണ് നിറങ്ങളും മധുരവുമായി പോകുന്നതെന്നു വൃന്ദാവനിലെ വിധവകൾ പറയുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയവരും ഉപേക്ഷിക്കപ്പെട്ടവരുമായ ആയിരക്കണക്കിനു വിധവകൾ വൃന്ദാവനിലെ വിവിധ ആശ്രമങ്ങളിൽ കഴിയുന്നുണ്ട്.