‘ക്രിസ്തു മാനവകുലത്തിലെ മഹാനായ ഗുരുനാഥൻ’; ഗാന്ധിജിയുടെ കത്ത്

വാഷിങ്ടൻ ∙ ക്രിസ്തുവിനെ ‘മാനവകുലത്തിലെ ഏറ്റവും മഹാനായ ഗുരുനാഥ’നെന്നു വിശേഷിപ്പിക്കുന്ന മഹാത്മാഗാന്ധിയുടെ കത്ത് ലേലത്തിന്. 50,000 യുഎസ് ഡോളറാണു (31.5 ലക്ഷം രൂപ) കത്തു വിൽപനയ്ക്കു വച്ച പെൻസിൽവേനിയയിലെ റാബ് കലക്​ഷൻസ് വിലയിട്ടിരിക്കുന്നത്. 1926ൽ ക്രൈസ്തവ വിശ്വാസത്തെക്കുറിച്ചു യുഎസിലെ മിൽട്ടൺ ന്യൂബെറി ഫ്രാന്റ്സിനെഴുതിയ കത്തിലാണു ഗാന്ധിജി മാനവകുലത്തിലെ മഹാനായ ഗുരുനാഥനായ് ക്രിസ്തുവിനെ വിശേഷിപ്പിച്ചത്.

വിവിധ മതവിഭാഗങ്ങളോടുള്ള ഗാന്ധിജിയുടെ ബഹുമാനവും കത്തിൽ സ്ഫുരിക്കുന്നു. ‘പൊതുസ്വീകാര്യമായ മതസംഹിതയെ ഉൾക്കൊള്ളാൻ യാന്ത്രികമായി ശ്രമിക്കുന്നതിനു പകരം എല്ലാ വിശ്വാസങ്ങളെയും പരസ്പരം ബഹുമാനിക്കുകയാണു വേണ്ടതെന്നും’ ഗാന്ധിജി കത്തിൽ ഓർമിപ്പിക്കുന്നു. പതിറ്റാണ്ടുകളോളം സ്വകാര്യശേഖരത്തിന്റെ ഭാഗമായിരുന്ന കത്ത് ഇതാദ്യമായാണു വിൽപനയ്ക്കെത്തുന്നത്.