കാർത്തിയുടെ ജാമ്യാപേക്ഷ 16നു പരിഗണിക്കാൻ മാറ്റി

ന്യൂഡൽഹി ∙ െഎഎൻഎക്സ് മീഡിയ കോഴക്കേസിൽ തിഹാർ ജയിലിലുള്ള കാർത്തി ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി ഈ മാസം 16നു പരിഗണിക്കാൻ മാറ്റി. അതിനു മുൻപു കേസിന്റെ അന്വേഷണ സ്ഥിതി റിപ്പോർട്ട് ഫയൽ ചെയ്യാൻ ജസ്റ്റിസ് എസ്.പി.ഗാർഗ് സിബിഐയോടു നിർദേശിച്ചു. പ്രത്യേക സിബിഐ കോടതിയിലെ ജാമ്യാപേക്ഷ പിൻവലിക്കുകയാണെന്നു കാർത്തിയുടെ അഭിഭാഷകൻ കപിൽ സിബൽ ഹൈക്കോടതിയെ അറിയിച്ചു.

ഹൈക്കോടതിയിലെ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്നു സിബിഐ വാദിച്ചു. ഹൈക്കോടതിയിൽ ജസ്റ്റിസ് ഇന്ദർമീത് കൗറാണ് ആദ്യം ജാമ്യാപേക്ഷ പരിഗണിച്ചത്. തനിക്കു കേസ് പരിഗണിക്കാനാവില്ലെന്നു ജസ്റ്റിസ് ഇന്ദർമീത് കൗർ വ്യക്തമാക്കി. തുടർന്ന്, ജസ്റ്റിസ് ഗാർഗിന്റെ ബെഞ്ചിലേക്കു മാറ്റാൻ ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തൽ തീരുമാനിച്ചു.

കാർത്തിയെ അറസ്റ്റ് ചെയ്യുന്നതു തടഞ്ഞുള്ള ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ അപ്പീൽ സുപ്രീം കോടതി നാളെ പരിഗണിക്കും. ഹർജി ഉടനെ പരിഗണിക്കണമെന്ന് ഇഡിക്കുവേണ്ടി രജത് നായർ വാദിച്ചു. ഇതു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു. ഇതിനിടെ, െഎഎൻഎക്സ് മീഡിയ കേസിൽ നേരത്തേ ഇഡി അറസ്റ്റ് ചെയ്ത കാർത്തിയുടെ ചാർട്ടേഡ് അക്കൗണ്ടന്റ് എസ്. ഭാസ്കരരാമനു സിബിഐ കോടതി ജാമ്യമനുവദിച്ചു. കഴിഞ്ഞ മാസം 16ന് ആണു ഭാസ്കരരാമൻ അറസ്റ്റിലായത്.