കാർത്തിയുടെ ജാമ്യഹർജി വിധി പറയാൻ മാറ്റി

ന്യൂഡൽഹി ∙ െഎഎൻഎക്സ് മീഡിയ കോഴക്കേസിൽ‍ അറസ്റ്റിലായ കാർത്തി ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി വിധി പറയാൻ മാറ്റി. കഴിഞ്ഞ മാസം 28നു ചെന്നൈയിൽ സിബിഐ അറസ്റ്റ് ചെയ്ത കാർത്തിയെ ഈ മാസം 24 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ പ്രത്യേക സിബിഐ കോടതി ഉത്തരവിട്ടിരുന്നു.

കാർത്തി തെളിവുകൾ നശിപ്പിച്ചിട്ടുണ്ടെന്നും ഇനിയും അതാവർത്തിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിക്കുമെന്നും സിബിഐക്കുവേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. എന്നാൽ, അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റമുണ്ടെന്നു സ്ഥാപിക്കാൻ സിബിഐക്കു സാധിച്ചിട്ടില്ലെന്നു കാർത്തിക്കുവേണ്ടി കപിൽ സിബലും അഭിഷേക് മനു സിങ്‌വിയും ഗോപാൽ സുബ്രഹ്മണ്യവും വാദിച്ചു.

വിദേശ നിക്ഷേപ പ്രോൽസാഹന ബോർഡിന്റെ ഏത് ഉദ്യോഗസ്ഥനെയാണു സ്വാധീനിച്ചതെന്ന് എഫ്ഐആറിൽ പറയുന്നില്ല. ഇതുവരെ ഉദ്യോഗസ്ഥരെ ചോദ്യംചെയ്യുകയോ പ്രതിചേർക്കുകയോ ചെയ്തിട്ടില്ല. തെളിവു നശിപ്പിച്ചെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണ്. ഇനി കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നു സിബിഐതന്നെ വ്യക്തമാക്കിയതാണ്. എങ്കിൽ എന്തിനാണു കാർത്തിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വയ്ക്കുന്നത്? – അഭിഭാഷകർ ചോദിച്ചു.