മാംസാഹാരം തെറ്റി വിളമ്പി; വിമാന ജോലിക്കാരിക്ക് സഹപ്രവർത്തകയുടെ തല്ല്

മുംബൈ ∙ സസ്യാഹാരിയായ യാത്രക്കാരനു മാംസഭക്ഷണം വിളമ്പിയതിനു വിമാന ജീവനക്കാരിയെ മുതിർന്ന സഹപ്രവർത്തക മർദിച്ചു. കഴിഞ്ഞ 17നു ന്യൂഡൽഹിയിൽനിന്നു ജർമനിയിലെ ഫ്രാങ്ക്ഫുർട്ടിലേക്കു പോയ എയർ ഇന്ത്യ വിമാനത്തിലാണു സംഭവം. ബിസിനസ് ക്ലാസിൽ യാത്രചെയ്യുകയായിരുന്ന യാത്രക്കാരനു കാബിൻ ക്രൂ തെറ്റായി മാംസഭക്ഷണം വിളമ്പുകയായിരുന്നു.

യാത്രക്കാരൻ ഇതു കാബിൻ സൂപ്പർവൈസറോടു പറഞ്ഞതിനെ തുടർന്നു ഭക്ഷണം വിളമ്പിയ ജീവനക്കാരി മാപ്പു പറയുകയും സസ്യഭക്ഷണം എത്തിക്കുകയും ചെയ്തു. എന്നാൽ സൂപ്പർവൈസർ പിന്നീട് ഈ വിഷയം എടുത്തിട്ടു ജീവനക്കാരിയെ മർദിക്കുകയായിരുന്നു. ജീവനക്കാരി വകുപ്പുതലത്തിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചതായി എയർ ഇന്ത്യ വക്താവ് പറഞ്ഞു.