കാർ‍ത്തി ചിദംബരത്തിന് സോപാധിക ജാമ്യം

ന്യൂഡൽഹി ∙ ഐഎൻഎക്സ് മീഡിയ കോഴക്കേസിൽ കാർ‍ത്തി ചിദംബരത്തിനു ഡൽഹി ഹൈക്കോടതി ഉപാധികളോടെ ജാമ്യം നൽകി. കാർത്തിയുടെ ജുഡീഷ്യൽ കസ്റ്റഡി ഇന്ന് അവസാനിക്കാനിരിക്കെയാണു ജസ്റ്റിസ് എസ്.പി.ഗാർഗിന്റെ നടപടി. കേസിൽ‍ കാർത്തിക്കെതിരെ ശക്തമായ തെളിവുകൾ കണ്ടെത്താൻ സിബിഐക്കു സാധിച്ചിട്ടില്ലെന്നു കോടതി പറഞ്ഞു.

പത്തു ലക്ഷം രൂപയ്ക്കുള്ള സ്വന്തം ജാമ്യവും തുല്യതുകയ്ക്കുള്ള ആൾ ജാമ്യവും കാർത്തി ലഭ്യമാക്കണം. വിചാരണക്കോടതിയുടെ അനുമതിയില്ലാതെ വിദേശയാത്ര പാടില്ല. സിബിഐയെ അറിയിക്കാതെ ബാങ്ക് അക്കൗണ്ടുകൾ അവസാനിപ്പിക്കാനോ ബിസിനസ് സംരംഭങ്ങളുടെ ഘടനയിലും മറ്റും മാറ്റം വരുത്താനോ അനുവാദമില്ല. കാർത്തിയുടെ മാതാപിതാക്കൾ – മുൻ കേന്ദ്രമന്ത്രി പി.ചിദംബരവും നളിനി ചിദംബരവും – മുതിർന്ന അഭിഭാഷകരാണെന്നതും സമൂഹത്തിൽ സ്ഥാനമുള്ള വ്യക്തിയായ കാർത്തി നേരത്തേ ശിക്ഷിക്കപ്പെട്ടിട്ടുള്ളയാളല്ലെന്നതും കോടതി എടുത്തുപറഞ്ഞു.

കേസ് അന്വേഷണത്തെക്കുറിച്ചു കോടതി പറഞ്ഞത്:

∙ കാർത്തിയുടേതെന്ന് ആരോപിക്കപ്പെടുന്ന ചെസ് മാനേജ്മെന്റ് സർവീസ് എന്ന കമ്പനി ഐഎൻഎക്സ് മീഡിയയ്ക്കു നൽകിയ സേവനത്തിന് എന്തുകൊണ്ടാണ് അഡ്വാന്റെജ് സ്ട്രാറ്റജിക് കൺസൾട്ടിങ് (എഎസ്‌സി) എന്ന കമ്പനി 10 ലക്ഷം രൂപയുടെ ബിൽ നൽകിയതെന്നു വിശദീകരിക്കാൻ കാർത്തിക്കു സാധിച്ചിട്ടില്ല. എന്നാൽ, കാർത്തിയും എഎസ്‌സിയുമായുള്ള ബന്ധം വ്യക്തമാക്കുന്ന തെളിവുകളുമില്ല.

∙ ചെന്നൈ വിമാനത്താവളത്തിൽവച്ചു കാർത്തിയുടെ ബാഗ് സിബിഐ പരിശോധിച്ചു. കേസുമായി ബന്ധപ്പെട്ട തെളിവുകളൊന്നും കണ്ടെത്താനായില്ല.

∙ കഴിഞ്ഞ മാസം 28 മുതൽ ഈ മാസം 12 വരെ പൊലീസ് കസ്റ്റഡിയിലായിരുന്ന കാർത്തിയിൽനിന്ന് എന്തെങ്കിലും തെളിവുകൾ ലഭ്യമായില്ല.

∙ കോഴ നൽകിയതായി മൊഴി നൽകിയ ഇന്ദ്രാണി മുഖർജിയെയും കാർത്തിയെയും തമ്മിൽ‍ കാണിച്ചു മൊഴികൾ ഒത്തുനോക്കാൻ അനുവദിക്കണമെന്ന് അപേക്ഷ നൽ‍കിയ സിബിഐ പിന്നീടതിൽ താൽപര്യമെടുത്തില്ല.

∙ ഐഎൻഎക്സ് മീഡിയയ്ക്കു വിദേശത്തുനിന്നു മുതൽമുടക്കിനുള്ള അനുമതിക്കായി വിദേശ നിക്ഷേപ പ്രോൽസാഹന ബോർഡിനെ (എഫ്ഐപിബി) 2007–08ൽ കാർത്തി സ്വാധീനിച്ചെന്നാണ് ആരോപണം. ചില ‘സോഴ്സു’കളിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തത് 2017 മേയ് 15നു മാത്രമാണ്. ഈ കാലതാമസത്തിനു വിശദീകരണം നൽകിയിട്ടില്ല.

∙ ജയിലിലുള്ള ഇന്ദ്രാണിയുടെ മൊഴി രേഖപ്പെടുത്തിയതു കഴിഞ്ഞ ഡിസംബർ ഏഴിനും ഫെബ്രുവരി 17നുമാണ്. കാർത്തിക്കെതിരെ നടപടിക്കു വൈകിയതിന്റെ കാരണം ഇന്ദ്രാണി വ്യക്തമാക്കിയിട്ടില്ല. ഐഎൻഎക്സിന്റെ ഡയറക്ടറായ പീറ്റർ മുഖർജിയുടെ അനുമതിയോടെ പണം നൽകിയെന്നാണ് ഇന്ദ്രാണിയുടെ മൊഴി. പീറ്ററിന്റെ മൊഴിയെടുത്തിട്ടില്ല.

∙ എഫ്ഐപിബിയുടെ ഉദ്യോഗസ്ഥരിൽ ആരുടെ മൊഴിയിലും കാർത്തിക്കെതിരെ പരാമർശങ്ങളില്ല. കഴിഞ്ഞ 28നു ചെന്നൈ വിമാനത്താവളത്തിൽവച്ചാണ് സിബിഐ കാർത്തിയെ അറസ്റ്റ് ചെയ്തത്.