പിന്നാക്ക ജില്ലകളിൽ വികസനമെത്തിക്കണം: ബിജെപി എംപിമാർ

ന്യൂഡൽ‌ഹി∙ രാജ്യത്തെ 115 പിന്നാക്ക ജില്ലകളിൽ വികസനമെത്തിക്കുന്നതിന് ഊർജിത പ്രവർത്തനങ്ങൾ ആരംഭിക്കാൻ ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ നിർദേശം. ഈ ജില്ലകളിലെ കലക്ടർമാരുടെ യോഗം ഈയിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേർത്തതിനു തുടർച്ചയായാണു ബിജെപി യോഗത്തിൽ വിഷയം ചർച്ചയായത്.

പിന്നാക്ക ജില്ലകളുടെ വികസന മാതൃക മന്ത്രി ജിതേന്ദ്ര സിങ് അവതരിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ പദ്ധതികളെക്കുറിച്ചു പ്രചാരണദിനങ്ങൾ സംഘടിപ്പിക്കാൻ യോഗത്തിൽ തീരുമാനിച്ചു. ഭരണഘടനാ ശിൽപി അംബേദ്കറുടെ ജന്മദിനമായ ഏപ്രിൽ 14നു സാമൂഹികനീതി ദിനമായി ആഘോഷിക്കും. ഏപ്രിൽ 18നു സ്വച്ഛഭാരത ദിനം, 18ന് ഉജ്വല സൗജന്യ പാചകവാതക കണക്‌ഷൻ ഗുണഭോക്തൃ സമ്മേളന ദിനം, 24നു പഞ്ചായത്തു രാജ് ദിനം, 30നു നമോ കെയർ ആരോഗ്യ പരിരക്ഷാ പദ്ധതി പ്രചാരണ ദിനം, മേയ് രണ്ടിനു കർഷക ക്ഷേമ ദിനം, അഞ്ചിനു നൈപുണ്യ വികസന ദിവസം എന്നിങ്ങനെയാണു പരിപാടികൾ.

പ്രതിപക്ഷ കുപ്രചാരണം നേരിടണം തിരഞ്ഞെടുപ്പു പരാജയങ്ങളുടെ ആകുലതയിൽ പ്രതിപക്ഷ കക്ഷികൾ കേന്ദ്ര സർക്കാരിനെതിരെ നടത്തുന്ന കുപ്രചാരണങ്ങളെ നേരിടാൻ സമൂഹമാധ്യമങ്ങളെ പ്രയോജനപ്പെടുത്തണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തിൽ നിർദേശിച്ചു. പ്രതിപക്ഷം നിരന്തരം പാർലമെന്റ് സ്തംഭിപ്പിക്കുന്നതിനെക്കുറിച്ചു ജനങ്ങൾക്കിടയിൽ പ്രചാരണം നടത്താൻ ബിജെപി അധ്യക്ഷൻ അമിത് ഷാ പാർട്ടി എംപിമാരോട് ആവശ്യപ്പെട്ടു.