കുരങ്ങിണി: രണ്ടുപേർ കൂടി മരിച്ചു; മരണസംഖ്യ 20

സായ് വസുമതി (26), ചെന്നൈ സ്വദേശിനി നിവ്യ നികൃതി

മധുര (തമിഴ്നാട്) ∙ കുരങ്ങിണി കാട്ടുതീയിൽ പൊള്ളലേറ്റു ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി മരിച്ചു. മധുരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന തഞ്ചാവൂർ സ്വദേശി സായ് വസുമതി (26), ചെന്നൈ സ്വദേശിനി  നിവ്യ നികൃതി (24) എന്നിവരാണു മരിച്ചത്. ഇതോടെ മരണസംഖ്യ 20 ആയി. ഗുരുതരമായി പൊള്ളലേറ്റ ചെന്നൈ സ്വദേശി ഇ. ജയശ്രീ (32) കഴിഞ്ഞദിവസം കോയമ്പത്തൂരിലെ ആശുപത്രിയിൽ മരിച്ചിരുന്നു. 

പരുക്കേറ്റ ആറുപേർ ഇപ്പോഴും ചികിൽസയിൽ തുടരുന്നു. ഇവരിൽ മധുരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കോട്ടയം സ്വദേശി മീന ജോർജ് (32) അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു. സംഘത്തിലെ മറ്റുള്ളവർ പ്രാഥമിക ചികിൽസയ്ക്കു ശേഷം ഇതിനോടകം തന്നെ ആശുപത്രി വിട്ടു. 

അതിനിടെ, ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ തമിഴ്നാടു മുഖ്യമന്ത്രി നിയോഗിച്ച അതുല്യ മിശ്ര കമ്മിഷൻ തേനിയിൽ ഉദ്യോഗസ്ഥതല ചർച്ച നടത്തി. തേനി ജില്ലാ കലക്ടർ പല്ലവി ബൽദേവ്, ജില്ലാ പൊലീസ് മേധാവി വി. ഭാസ്കരൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. നിരോധിത വഴിയിലൂടെയാണു ട്രെക്കിങ് സംഘം കുരങ്ങിണിയിലെത്തിയതെന്നാണു കമ്മിഷന്റെ പ്രാഥമിക വിലയിരുത്തൽ. അന്വേഷണം പൂർത്തിയാക്കിയശേഷം ഒരു മാസത്തിനകം സർക്കാരിനു റിപ്പോർട്ട് നൽകുമെന്ന് അതുല്യ മിശ്ര പറഞ്ഞു. ട്രെക്കിങ് സംഘത്തെ റിസർവ് വനത്തിലേക്കു കടത്തിവിട്ട കുരങ്ങിണി സ്വദേശി ജി.രഞ്ജിത് കുമാറിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.