നാമനിർദേശം ചെയ്ത എംഎൽഎമാരെ പ്രവേശിപ്പിക്കാതെ പുതുച്ചേരി സ്പീക്കർ

ചെന്നൈ ∙ ലഫ്.ഗവർണർ നാമനിർദേശം ചെയ്ത മൂന്നു ബിജെപി എംഎൽഎമാരെ പുതുച്ചേരി നിയമസഭയിലേക്കു പ്രവേശിപ്പിക്കാതെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതിനെത്തുടർന്നു നാടകീയ രംഗങ്ങൾ. വി.സാമിനാഥൻ, കെ.ജി. ശങ്കർ, എസ്.സെൽവഗണപതി എന്നിവരെയാണു സ്പീക്കർ വി.വൈദ്യലിംഗത്തിന്റെ നിർദേശപ്രകാരം തടഞ്ഞത്. പിന്നീടു പ്രതിഷേധവുമായി പ്രവർത്തകർക്കൊപ്പം റോഡിൽ കുത്തിയിരിക്കുന്നതിനിടെ എംഎൽഎമാരിൽ കെ.ജി. ശങ്കർ തളർന്നുവീണു. സർക്കാരിനെതിരെ കോടതിയലക്ഷ്യത്തിനു കേസ് നൽകുമെന്നു മൂവരും അറിയിച്ചു.

ലഫ്.ഗവർണറുടെ നാമനിർദേശം സർക്കാർ എതിർത്തിരുന്നെങ്കിലും മദ്രാസ് ഹൈക്കോടതിയുടെ അനുകൂല വിധിയുമായാണ് എംഎൽഎമാർ എത്തിയത്. സഭയുടെ അംഗീകാരം തേടിയില്ലെങ്കിലും കേന്ദ്ര ഭരണപ്രദേശങ്ങളുമായി ബന്ധപ്പെട്ട ഭരണഘടനാ ചട്ട പ്രകാരം നാമനിർദേശം സാധുവാണെന്നായിരുന്നു കോടതിവിധി. എന്നാൽ ഹൈക്കോടതി തന്റെ വാദം കേൾക്കാതെയാണു തീരുമാനമെടുത്തതെന്നും സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്നും സ്പീക്കർ അറിയിച്ചു. അപ്പീൽ നൽകാനുള്ള പ്രമേയം സഭ ഏകകണ്ഠമായി പാസാക്കുകയും ചെയ്തു. 

1963ലെ കേന്ദ്ര ഭരണപ്രദേശ നിയമപ്രകാരം കേന്ദ്ര സർക്കാരിനു പുതുച്ചേരി നിയമസഭയിലേക്കു പരമാവധി മൂന്ന് അംഗങ്ങളെ നാമനിർദേശം ചെയ്യാം. ഇവർക്കു വോട്ടവകാശമുണ്ടാകില്ല. നാമനിർദേശത്തിനു പ്രത്യേക മാനദണ്ഡം പറയുന്നില്ല. ഇതിനു വ്യക്തമായ മാനദണ്ഡം കൊണ്ടുവരണമെന്നു മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം കേന്ദ്രത്തോട് നിർദേശിച്ചിരുന്നു.