നികുതി കുടിശിക: സിദ്ദുവിന്റെ രണ്ടു ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

ന്യൂഡൽഹി ∙ നികുതി അടയ്ക്കുന്നതിൽ വീഴ്ചവരുത്തിയതിനു പഞ്ചാബ് മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ നവ്ജ്യോത് സിങ് സിദ്ദുവിന്റെ രണ്ടു ബാങ്ക് അക്കൗണ്ടുകൾ ആദായനികുതിവകുപ്പു മരവിപ്പിച്ചു. നികുതി ഇളവിനായി ചെലവിനത്തിൽ 1.31 കോടി രൂപ സിദ്ദു ആദായനികുതിവകുപ്പിനു സമർപ്പിച്ച കണക്കിൽ ഉൾപ്പെടുത്തിയിരുന്നു.

വസ്ത്രം (28.38 ലക്ഷം), യാത്ര (38.24 ലക്ഷം), ജീവനക്കാർക്കുള്ള ശമ്പളം (47.11 ലക്ഷം), ഡീസൽ (17.80 ലക്ഷം) എന്നിവയാണു ചെലവു കാണിച്ചത്. എന്നാൽ ഇതു സംബന്ധിച്ച രേഖകളൊന്നും നൽകിയില്ല. ചെലവിന്റെ ആധികാരികത തെളിയിക്കാൻ കഴിഞ്ഞിട്ടില്ലാത്തതിനാൽ സിദ്ദു 52 ലക്ഷം രൂപ നികുതി അടയ്ക്കണമെന്നാണ് ആദായനികുതിവകുപ്പിന്റെ നിലപാട്. സിദ്ദുവിന്റെ അപ്പീൽ ആദായനികുതി കമ്മിഷണർ തള്ളിയതിനെത്തുടർന്നാണ് അക്കൗണ്ട് മരവിപ്പിച്ചത്.