ദീപിക – രൺവീർ വിവാഹം ഈ വർഷം തന്നെ

മുംബൈ∙ ബോളിവുഡ് കാത്തിരുന്ന ആ താര വിവാഹം ഈ വർഷം തന്നെയുണ്ടായേക്കും. അഞ്ചു വർഷത്തിലേറെയായി പ്രണയബദ്ധരായ ദീപിക പദുക്കോണും രൺവീർ സിങ്ങും ഈ വർഷം അവസാനത്തോടെ വിവാഹിതരാകുമെന്നു ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇരുവരുടെയും മാതാപിതാക്കൾ ഇക്കാര്യം സംസാരിച്ചുവെന്നും വിവാഹ വേദിക്കായി അന്വേഷണം ആരംഭിച്ചെന്നുമാണു റിപ്പോർട്ടുകൾ. ഇരുവരും മാലദ്വീപിൽ ഒരാഴ്ച അവധി ആഘോഷിച്ചു മടങ്ങിയെത്തിയതേയുള്ളൂ.

സെപ്റ്റംബർ–ഡിസംബർ കാലയളവിൽ നാലു തീയതികളാണു വിവാഹത്തിനായി പരിഗണിക്കുന്നത്. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങായിരിക്കും. പരമ്പരാഗത ഹിന്ദു ആചാരപ്രകാരമായിരിക്കും വിവാഹമെന്നും റിപ്പോർട്ടുണ്ട്. ഒഴിവു സമയങ്ങളിലെല്ലാം അമ്മയ്ക്കും സഹോദരിക്കും ഒപ്പം വിവാഹ വസ്ത്രങ്ങളും ആഭരണങ്ങളും തിരയുന്ന തിരക്കിലാണു ദീപിക.