കുഞ്ഞിന് ചികിൽസ ആസിഡൊഴിച്ച്, സ്ത്രീ അറസ്റ്റിൽ

ജയ്പുർ∙ രോഗം ഭേദമാക്കാൻ ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു. സവായ്മധോപ്പുർ ജില്ലയിലാണു നാട്ടുചികിൽസ നടത്തുന്ന സ്ത്രീ ഈ കടുംകൈ ചെയ്തത്. ഇവരെ അറസ്റ്റ് ചെയ്തു. നെഞ്ചിലും കാലിലും പൊള്ളലേറ്റ ആൺകുട്ടി ചികിൽസയിലാണ്. ന്യുമോണിയ ബാധിച്ച പ്രിയാൻഷു എന്ന കുട്ടിക്കാണു പൊള്ളലേറ്റത്. ദിവ്യശക്തിയുണ്ടെന്ന് അവകാശപ്പെടുന്ന സ്ത്രീയുടെ അടുത്തു വീട്ടുകാർതന്നെയാണു കുഞ്ഞിനെ ചികിൽസയ്ക്കെത്തിച്ചത്.

കുട്ടിയുടെ നില ഗുരുതരമായി സർക്കാർ ആശുപത്രിയിൽ എത്തിച്ചതോടെയാണു വിവരം പുറത്തറിയുന്നത്. മാർച്ച് ആദ്യം ബിൽവാഡയിൽ ന്യുമോണിയ ബാധിച്ച നാലു മാസം പ്രായമുള്ള കുട്ടിയുടെ രോഗം മാറാൻ ഇരുമ്പു പഴുപ്പിച്ചു പൊള്ളിച്ച സംഭവം ഉണ്ടായിരുന്നു. സർക്കാർ ആതുരാലയങ്ങൾ വളരെ കുറച്ചു മാത്രമുള്ള രാജസ്ഥാനിലെ ഗ്രാമങ്ങളിൽ വ്യാജ വൈദ്യന്മാരെയാണു ഗ്രാമീണർ മിക്കപ്പോഴും ആശ്രയിക്കുന്നത്.