മനുഷ്യക്കടത്തു കേസ്: ദലേർ മെഹന്തിയുടെ തടവുശിക്ഷ തടഞ്ഞു

പട്യാല (പഞ്ചാബ്) ∙ മനുഷ്യക്കടത്തു കേസിൽ പഞ്ചാബി പോപ് ഗായകൻ ദലേർ മെഹന്തിയെ (50) രണ്ടു വർഷം തടവിനു ശിക്ഷിച്ചത് അഡീഷനൽ സെഷൻസ് കോടതി താൽക്കാലികമായി തടഞ്ഞു. പട്യാല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി വിധിക്കെതിരെ മെഹന്തി നൽകിയ അപ്പീൽ പരിഗണിച്ചാണിത്. മേയ് 18നു കേസ് വീണ്ടും പരിഗണിക്കും. ജാമ്യത്തുകയായി 50,000 രൂപ കെട്ടിവയ്ക്കാൻ കോടതി ഉത്തരവിട്ടു. കാനഡയിലേക്ക് അനധികൃതമായി കുടിയേറാൻ സഹായിക്കാമെന്നു പറഞ്ഞു പണം വാങ്ങി വഞ്ചിച്ചെന്ന കേസിലാണു ദലേർ മെഹന്തിക്കു തടവുശിക്ഷ വിധിച്ചത്. സഹോദരൻ ഷംശെർ സിങ്ങും കേസിൽ പ്രതിയാണ്. അനധികൃതമായി കുടിയേറാൻ താൽപര്യമുള്ളവരെ സംഗീതപരിപാടിയുടെ മറവിൽ ട്രൂപ്പ് അംഗമെന്ന നിലയ്ക്കാണു യുഎസിലും കാനഡയിലും എത്തിച്ചിരുന്നത്.