യുപിയിൽ വീണ്ടും അംബേദ്കറുടെ പ്രതിമ തകർത്തു

ഫിറോസാബാദ്∙ ഉത്തർപ്രദേശിൽ വീണ്ടും ഭരണഘടനാശിൽപി ബി.ആർ.അംബേദ്കറുടെ പ്രതിമ തകർത്തു. ഇന്നലെ രാവിലെ നഗ്‌ലാ നന്ദി ഗ്രാമത്തിലെ അംബേദ്കർ പ്രതിമയുടെ വലതുകൈ തകർത്ത നിലയിൽ കാണപ്പെട്ടതായി റൂറൽ എസ്പി മഹേന്ദ്രസിങ് അറിയിച്ചു. നേരത്തേ അലഹാബാദിലും അംബേദ്കറുടെ പ്രതിമ തകർത്തിരുന്നു.

ഇതേസമയം, ബിഎസ്‌പിയുമായുള്ള സൗഹൃദത്തിന്റെ പശ്ചാത്തലത്തിൽ, 14ന് അംബേദ്കർ ജയന്തി വിപുലമായി ആഘോഷിക്കാൻ സമാജ്‌വാദി പാർട്ടി നേതൃത്വം അണികൾക്കു നിർദേശം നൽകി. യുപിയിൽ മായാവതിയുടെ ബിഎസ്പിയാണു സാധാരണ അംബേദ്കർ ജയന്തി വിപുലമായി ആഘോഷിക്കാറുള്ളത്. കഴിഞ്ഞ രണ്ടു ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളിൽ ബിഎസ്പി–എസ്പി സഖ്യം വിജയം നേടിയിരുന്നു. എസ്‌പിയുടെ അംബേദ്കർ ജയന്തി ആഘോഷം രാഷ്ട്രീയനാടകമാണെന്നു ബിജെപി ആരോപിച്ചു.