Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാര്യ ഭർത്താവിന്റെ സ്വകാര്യസ്വത്തല്ല: സുപ്രീം കോടതി

divorce-1

ന്യൂഡൽഹി ∙ ഭാര്യ ഭർത്താവിന്റെ സ്വകാര്യസ്വത്തല്ലെന്നു സുപ്രീം കോടതി. ഭർത്താവിനൊപ്പം താമസിക്കാൻ ഇഷ്ടമില്ലെങ്കിൽ ഭാര്യയെ അതിനു നിർബന്ധിക്കാനാവില്ലെന്നും ജസ്റ്റിസുമാരായ മദൻ ബി.ലോക്കൂർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഭർത്താവു ക്രൂരത കാട്ടുന്നുവെന്നാരോപിച്ചു വിവാഹമോചനം ആവശ്യപ്പെട്ട് ഒരു സ്ത്രീ നൽകിയ ഹർജിയിൽ വാദം കേൾക്കവെയാണു കോടതിയുടെ നിരീക്ഷണം.

ഒരുമിച്ചു ജീവിക്കാനില്ലെന്ന വാദത്തിൽ സ്ത്രീ ഉറച്ചുനിന്നെങ്കിലും ഭാര്യയ്ക്കൊപ്പം താമസം തുടരാൻ അനുവദിക്കണമെന്നാണു ഭർത്താവ് ആവശ്യപ്പെട്ടത്. ‘അവൾ സ്ഥാവര ജംഗമവസ്തുവല്ല. നിങ്ങൾക്ക് (പുരുഷന്) അവളെ നിർബന്ധിക്കാനാവില്ല. അവൾ നിങ്ങൾക്കൊപ്പം ജീവിക്കാൻ ഇഷ്ടപ്പെടുന്നില്ല. അവളുടെ കൂടെ ജീവിക്കുമെന്നു പിന്നെങ്ങനെ നിങ്ങൾക്കു പറയാനാകും?’– കോടതിയിൽ ഹാജരായ ഭർത്താവിനോടു ജഡ്ജിമാർ ചോദിച്ചു.

തീരുമാനം പുനഃപരിശോധിക്കാനും നിർദേശിച്ചു. തന്റെ കക്ഷിക്കു വേണ്ടതു വിവാഹമോചനമാണെന്നും ജീവനാംശംപോലും പ്രതീക്ഷിക്കുന്നില്ലെന്നും സ്ത്രീയുടെ അഭിഭാഷകൻ വാദിച്ചു. ദമ്പതികൾ വിദ്യാസമ്പന്നരായതിനാൽ കോടതി നേരത്തെ മധ്യസ്ഥതയ്ക്കു നിർദേശിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല.