കഠ്‍വ പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കും: രാജ്നാഥ് സിങ്

ന്യൂഡൽഹി∙ കഠ്‍വ പെൺ‌കുട്ടിയുടെ കുടുംബത്തിനു നീതി ലഭിക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ദേശവ്യാപകമായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണു രാജ്നാഥിന്റെ പ്രതികരണം.

കഠ്‍വ, ഉന്നാവ് കേസുകളിലെ പ്രതികൾക്കു കടുത്ത ശിക്ഷ ഉറപ്പുവരുത്തണമെന്നു ബിജെപിയും ആവശ്യപ്പെട്ടു. ഇരു കേസുകളിലും പൊലീസ് അതിവേഗം പ്രതികരിച്ചതായി പാർട്ടി വക്താവും എംപിയുമായ മീനാക്ഷി ലേഖി പറഞ്ഞു. കഠ്‍വയിൽ പ്രതികളെ സംരക്ഷിച്ചു പ്രവർത്തിച്ച ജമ്മു ബാർ അസോസിയേഷൻ പ്രസിഡന്റ് ബി.എസ്. സ്ലാഥിയ കോൺഗ്രസ് നേതാവ് ഗുലാം നബിയുടെ പോളിങ് ഏജന്റായിരുന്നുവെന്നു മീനാക്ഷി ആരോപിച്ചു.

പീഡകർക്ക് വധശിക്ഷ ഉറപ്പാക്കണം: മേനക ഗാന്ധി

ലക്നൗ ∙ കുട്ടികളെ പീഡിപ്പിക്കുന്നവർക്കു വധശിക്ഷ നൽകണമെന്നു കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി. ‘വല്ലാതെ വേദനിപ്പിക്കുന്നതാണ് കഠ്‍വയിലും മറ്റിടങ്ങളിലും കുട്ടികൾക്കു നേരെയുണ്ടായിട്ടുള്ള അതിക്രമം. 12 വയസ്സിൽ താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവർക്കു വധശിക്ഷ നൽകണം. ഇതിനായി പോക്സോ നിയമം ഭേദഗതി ചെയ്യാൻ വനിതാ ശിശുക്ഷേ മന്ത്രാലയം ശുപാർശ ചെയ്യും’– മന്ത്രി പറഞ്ഞു.