കര്‍ണാടക: കോണ്‍ഗ്രസ് ആദ്യപട്ടികയില്‍ 107 സിറ്റിങ് എംഎല്‍എമാര്‍

ബെംഗളൂരു∙  കർണാടകയിലെ കോൺഗ്രസ് സ്ഥാനാർഥികളുടെ ആദ്യ പട്ടികയിൽ ഇടം ലഭിക്കാത്ത 12 സിറ്റിങ് എംഎൽഎമാർ ‘കലാപം’ തുടങ്ങി. ബെള്ളാരിയിലെ സിരുഗുപ്പയിൽ സിറ്റിങ് എംഎൽഎ ബി.എം നാഗരാജിനു സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് അനുയായികൾ മണ്ഡലത്തിൽ ബന്ദ് പ്രഖ്യാപിച്ചു. സ്ഥാനാർഥിയാക്കിയില്ലെങ്കിൽ സ്വതന്ത്രനായി മൽസരിക്കുമെന്നാണു തുമക്കൂരുവിലെ തിപ്തൂരിൽ കെ.ഷഡാക്ഷരിയുടെ ഭീഷണി. മറ്റുള്ളവരും പാർട്ടി വിടുമെന്ന കടുത്ത നിലപാടിലാണ്. മുൻ എക്സൈസ് മന്ത്രി കൂടിയായ മനോഹർ തഹസിൽദാർ (ഹംഗൽ) പൊട്ടിക്കരഞ്ഞുകൊണ്ടാണു മാധ്യമങ്ങളോടു പ്രതിഷേധം അറിയിച്ചത്. മനോഹറിന്റെ അനുയായികൾ ഹംഗലിൽ പ്രതിഷേധ മാർച്ച് നടത്തി. കിട്ടൂരിൽ അഞ്ചു തവണ എംഎൽഎയായിരുന്ന ഡി.ബി ഇനാംദാറിനു സീറ്റ് കിട്ടാതായതോടെ അവിടെയും കടുത്ത പ്രതിഷേധം തുടരുന്നു.

മറ്റു പാർട്ടികളിൽ നിന്നു കൂറുമാറിയെത്തിയ സിദ്ധരാമയ്യയുടെ അടുപ്പക്കാർക്ക് സീറ്റ് കൊടുത്തുകൊണ്ടു തങ്ങളെ തഴയുകയാണെന്നും വിമതർ ആരോപിക്കുന്നു. കർണാടക മക്കള പക്ഷയിൽ നിന്ന് കൂറുമാറിയെത്തിയ വ്യവസായ പ്രമുഖൻ അശോക് കെനിക്ക് ബീദർ സൗത്ത് സീറ്റ് നൽകിയതുൾപ്പെടെ പരാമർശിച്ചാണു വിമർശനം. സീറ്റ് കിട്ടാത്ത മറ്റു ചില നേതാക്കളുടെ അനുയായികളും റോഡ് തടയൽ ഉൾപ്പെടെയുള്ള സമരമുറകളുമായി രംഗത്തുണ്ട്. 

224 മണ്ഡലങ്ങളിൽ 218 സീറ്റുകളിലേക്കുള്ള പട്ടിക പുറത്തു വന്നപ്പോൾ 122 കോൺഗ്രസ് സിറ്റിങ് എംഎൽഎമാരിൽ 107 പേരാണു വീണ്ടും മൽസരിക്കുന്നത്. ബെംഗളൂരു നഗരവികസന മന്ത്രി കെ.ജെ. ജോർജും പൊതുവിതരണ മന്ത്രി യു.ടി.ഖാദറും ഉൾപ്പെടെ എല്ലാ മന്ത്രിമാർക്കും സീറ്റ് നൽകി.  മൈസൂരുവിലെ  ചാമുണ്ഡേശ്വരിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയും, കഴിഞ്ഞ തവണ കൈവിട്ട തുമക്കൂരുവിലെ  കൊരട്ടഗെരെയിൽ കർണാടക പിസിസി പ്രസിഡന്റ് ഡോ.ജി പരമേശ്വരയും       മൽസരിക്കുന്നു. സിദ്ധരാമയ്യ രണ്ടു മണ്ഡലങ്ങളിൽ മൽസരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കും ഇതോടെ വിരാമമായി. ജനതാദൾ എസിന്റെ സിറ്റിങ് സീറ്റായ ചാമുണ്ഡേശ്വരിയിൽ സിദ്ധരാമയ്യയുടെ പഴയ സുഹൃത്ത്  ജി.ടി. ദേവഗൗഡ (ദൾ) യാണ് എതിരാളി. സിദ്ധരാമയ്യയുടെ സിറ്റിങ് സീറ്റായ വരുണയിൽ മകൻ ഡോ.യതീന്ദ്ര മൽസരിക്കുന്നു. 

എൻ.എ ഹാരിസിന്റെ ശാന്തിനഗർ ഉൾപ്പെടെ ആറു സീറ്റുകളിലാണ് ഇനി സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ളത്. 

ഖനിവ്യവസായിയും മുൻ മന്ത്രിയുമായ ജനാർദ്ദന റെഡ്ഡിയുടെ സഹോദരൻ സോമശേഖര റെഡ്ഡി (ബെള്ളാരി സിറ്റി) ഉൾപ്പെടെ 82 പേരുടെ രണ്ടാം പട്ടിക ബിജെപിയും പുറത്തിറക്കി. 

ചാമുണ്ഡേശ്വരി  

മൈസൂരുവിലെ ചാമുണ്ഡേശ്വരിയിൽ സിദ്ധരാമയ്യയുടേത് അഭിമാനപ്പോരാട്ടം . 1983 മുതൽ 2006ലെ ഉപതിരഞ്ഞെടുപ്പു വരെ സിദ്ധരാമയ്യയ്ക്ക് അഞ്ചു വിജയങ്ങളും രണ്ടു പരാജയങ്ങളും സമ്മാനിച്ച മണ്ഡലമാണിത്.

ചാമുണ്ഡേശ്വരിയിൽ സിദ്ധരാമയ്യയ്ക്കു വൻ പിന്തുണയുണ്ടായിരുന്ന സ്ഥലങ്ങൾ 2008ലെ മണ്ഡല പുനർനിർണയത്തിൽ വരുണയിലേക്ക് കൂട്ടിച്ചേർത്തതോടെയാണുകളം മാറ്റിപ്പിടിച്ചത്്. സിദ്ധരാമയ്യയുടെ പരാജയത്തിന് ഇവിടെ ദളും ബിജെപിയും കൈകോർത്തു ശ്രമം നടത്തിയേക്കും

ശിക്കാരിപുര  

ശിവമൊഗ്ഗയിലെ ശിക്കാരിപുര മണ്ഡലം ബിജെപി സംസ്ഥാന അധ്യക്ഷനും മുഖ്യമന്ത്രി സ്ഥാനാർഥിയുമായ ബി.എസ് യെഡിയൂരപ്പയുടെ സ്വന്തം അങ്കത്തട്ടാണ്. മൂത്ത മകൻ ബി.വൈ വിജയേന്ദ്രയാണ് സിറ്റിങ് എംഎൽഎ. 1983 മുതൽ 2013 വരെഏഴു വിജയങ്ങളും ഒരു പരാജയവുമാണ് ശിക്കാരിപുര യെഡിയൂരപ്പയ്ക്ക് സമ്മാനിച്ചത്. 2013ൽ യെഡിയൂരപ്പ കെജെപിക്കു വേണ്ടി ഇതേ സീറ്റിൽ വിജയിച്ചിരുന്നു. തുടർന്ന് രാജിവച്ച് 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ശിവമൊഗ്ഗയിൽ മൽസരിച്ചു വിജയിപ്പിച്ചപ്പോഴാണ് ശിക്കാരിപുര മകനു വിട്ടുകൊടുത്തത്. കോൺഗ്രസിന്റെ ജി.ബി മാൽത്തേഷാണു യെഡിയൂരപ്പയുടെ എതിരാളി. 

ഒരാൾക്ക് ഒരു സീറ്റ്

കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ, ഒരു വ്യക്തി ഒന്നിലേറെ സീറ്റിൽ മൽസരിക്കേണ്ടതില്ല എന്ന വ്യവസ്ഥ പാലിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ഒരു സീറ്റ് മാത്രം – ജനതാദളിന്റെ സിറ്റിങ് സീറ്റായ ചാമുണ്ഡേശ്വരി. 

ഒരു കുടുംബത്തിന് ഒന്നിലേറെ സീറ്റ്

പഞ്ചാബിൽ കോൺഗ്രസ് പാലിച്ച, ഒരു കുടുംബത്തിന് ഒരു സീറ്റ് എന്ന വ്യവസ്ഥ പാലിച്ചില്ല. സിദ്ധരാമയ്യയുടെ സിറ്റിങ് സീറ്റ് (വരുണ) അദ്ദേഹത്തിന്റെ മകൻ ഡോ. യതീന്ദ്രയ്ക്ക്. മറ്റു രണ്ടു മന്ത്രിമാരുടെ മക്കൾക്കും സീറ്റ്. 

കൂടുമാറ്റക്കാർക്ക് സീറ്റ്

ദൾ വിട്ട് കോൺഗ്രസിൽ ചേർന്ന ഏഴ് മുൻ എംഎൽഎമാർക്കും മറ്റു പാർട്ടികളിൽനിന്നു കോൺഗ്രസിലെത്തിയ രണ്ട് മുൻ എംഎൽഎമാർക്കും സീറ്റ്.