കുറ്റവിചാരണ: നിയമവിദഗ്ധരുമായി ഉപരാഷ്ട്രപതിയുടെ ചർച്ച

ന്യൂഡൽഹി∙ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കുറ്റവിചാരണ ചെയ്യണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ കക്ഷികൾ നോട്ടിസ് നൽകിയ സാഹചര്യത്തിൽ, തുടർനടപടികൾ സംബന്ധിച്ചു തീരുമാനമെടുക്കാൻ രാജ്യസഭാധ്യക്ഷനായ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു നിയമ–ഭരണഘടനാ വിദഗ്ധരുമായി ചർച്ച നടത്തി.

ഹൈദരാബാദ് സന്ദർശനം വെട്ടിച്ചുരുക്കിയ അദ്ദേഹം തിരക്കിട്ടു ഡൽഹിയിലെത്തുകയായിരുന്നു. ലോക്സഭാ മുൻ സെക്രട്ടറി ജനറൽ സുഭാഷ് കശ്യപ്, മുൻ നിയമ സെക്രട്ടറി പി.കെ.മൽഹോത്ര, രാജ്യസഭാ സെക്രട്ടേറിയറ്റിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തിയതായാണു വിവരം.

സുപ്രീം കോടതി മുൻ ജസ്റ്റിസ് സുദർശൻ റെഡ്ഡിയെയും ഉപരാഷ്ട്രപതി കണ്ടേക്കും. സിബിഐ ജഡ്‍ജി ലോയയുടെ മരണത്തിൽ അന്വേഷണം ആവശ്യമില്ലെന്നു സുപ്രീം കോടതി വിധിച്ചതിനു പിന്നാലെയാണ്, ചീഫ് ജസ്റ്റിസിനെ കുറ്റവിചാരണ ചെയ്യണമെന്നാവശ്യപ്പെട്ടു കോൺഗ്രസിന്റെ നേതൃത്വത്തിൽ ഏഴു പ്രതിപക്ഷ കക്ഷികൾ രാജ്യസഭാധ്യക്ഷനു നോട്ടിസ് നൽകിയത്.