ഫുൾ കോർട്ട് വിളിക്കണമെന്ന് മുതിർന്ന രണ്ട് ജഡ്ജിമാർ

ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ജസ്റ്റിസ് മദൻ ബി.ലോക്കുർ

ന്യൂഡൽഹി ∙ സുപ്രീം കോടതിയിലെ അടിസ്ഥാന പ്രശ്നങ്ങൾ ചർച്ച ചെയ്തു നടപടിയെടുക്കുന്നതിന് ഉടൻ ഫുൾ കോർട്ട് (എല്ലാ ജഡ്ജിമാരും ഉൾപ്പെടുന്ന യോഗം) വിളിക്കണമെന്നാവശ്യപ്പെട്ട് മുതിർന്ന ജഡ്ജിമാരായ രഞ്ജൻ ഗൊഗോയിയും മദൻ ബി.ലോക്കുറും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര‌യ്ക്കു കത്തു നൽകി.

ചീഫ് ജസ്റ്റിസിനെതിരെ പ്രതിപക്ഷം നൽകിയ കുറ്റവിചാരണ നോട്ടിസ് ഉപരാഷ്ട്രപതി നിരാകരിച്ചതിന്റെ തലേന്ന്, ഇക്കഴിഞ്ഞ ഞായറാഴ്ച, എഴുതിയ കത്താണു പുറത്തുവന്നത്. ആവശ്യങ്ങൾ ഉൾപ്പെട്ട രണ്ടു വാചകങ്ങൾ മാത്രമാണു കത്തിൽ. തി‌ങ്കളാഴ്ച രാവിലെ ചായ കുടിക്കാൻ ഒത്തുചേർന്ന ജഡ്ജിമാർ 15 മിനിറ്റ് വൈകി കോടതികളിലെത്തിയതു വാർത്തയായിരുന്നു. കത്തിൽ ഉയർത്തിയ ‌പ്രശ്നങ്ങൾ ചായസമയത്തും ചർച്ചയായെന്നാണു സൂചന.

രാഷ്ട്രീയമാനമുള്ള കുറ്റവിചാരണ നോട്ടിസ് നിരാകരിക്കപ്പെട്ടെങ്കിലും പരമോന്നത കോടതിയിൽ പ്രശ്നങ്ങൾ നീറിപ്പുകയുകയാണെന്നു ജഡ്ജിമാരുടെ കത്ത് സൂചിപ്പിക്കുന്നു. ഒക്ടോബർ രണ്ടിനു ദീപക് മിശ്ര സ്ഥാനം ഒഴിയുമ്പോൾ ചീഫ് ജസ്റ്റിസ് ആകേണ്ടതാണു ഗൊഗോയ്. നിലവിൽ ജസ്റ്റിസ് ജെ.ചെലമേശ്വറാണു മുതിർന്നയാളെങ്കിലും അദ്ദേഹം അതിനു മുൻപേ വിരമിക്കും.

ചീഫ് ജസ്‌റ്റിസിന്റെ പ്ര‌വർത്തന ശൈലിയിൽ പ്ര‌‌തിഷേധിച്ചു ജനു‌വരി 12നാണ് ജസ്റ്റിസ്മാരായ ജെ.ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ബി.ലോക്കുർ, കുര്യൻ ജോസഫ് എന്നിവർ മാധ്യമസമ്മേളനം നടത്തിയത്. ഇവർ കഴിഞ്ഞ ഒരുമാസ‌ത്തിനിടെ ചീഫ് ജസ്റ്റിസിനു മൂ‌ന്നു ‌കത്തുകളുമെഴുതി; ഒന്നിനോടും അ‌ദ്ദേഹം പ്രതികരിച്ചില്ല.