ഡോ.കഫീൽ ഖാന് ഏഴു മാസത്തിനു ശേഷം ജാമ്യം

ലക്നൗ ∙ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പുരിലെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓക്സിജൻ വിതരണം നിലച്ചതിനെ തുടർന്ന് 63 കുട്ടികൾ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശിശുരോഗ വിദഗ്ധൻ ഡോ.കഫീൽ ഖാന് ഏഴു മാസത്തിനുശേഷം ജാമ്യം.

മസ്തിഷ്ക ജ്വരം ബാധിച്ച പിഞ്ചുകുഞ്ഞുങ്ങൾ ഓക്സിജൻ കിട്ടാതെ കഴിഞ്ഞ ഓഗസ്റ്റിൽ കൂട്ടത്തോടെ മരിച്ച സംഭവം ഏറെ വിവാദമായിരുന്നു. ‘ഭരണപരമായ വീഴ്ച’ മൂലം ഓക്സിജൻ വിതരണ ഏജൻസിക്കു പണം നൽകുന്നതു പലതവണ തടസ്സപ്പെടുകയും അനിശ്ചിതമായി വൈകുകയും ചെയ്തതിനെ തുടർന്ന് അവർ വിതരണം നിർത്തിയതാണു പ്രശ്നമായത്.

ഉന്നത ഉദ്യോഗസ്ഥ വീഴ്ച മറച്ചുവയ്ക്കാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരെ ബലിയാടാക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ അറസ്റ്റിലായ ഡോ.കഫീൽ ഖാൻ കഴിഞ്ഞയാഴ്ച ജയിലിൽ നിന്നയച്ച തുറന്ന കത്തിൽ ഇതു പറഞ്ഞിരുന്നു.