ദുരൂഹ മരണങ്ങൾ, ഭീഷണി, ഒടുവിൽ ജയിൽ

ജയ്പുർ ∙ പീഡനക്കേസിൽ ജയിലിലായ അസാറാം ബാപ്പുവിന്റെ ജീവിതം തുടങ്ങുന്നത് 1941ൽ ഇപ്പോൾ പാക്കിസ്ഥാനിലുള്ള സിന്ധിലാണ്. വിഭജനകാലത്ത്, ആറാം വയസ്സിൽ ഇന്ത്യയിലേക്കു പലായനം– അന്നത്തെ പേര് അസുമാൽ സിരുമലാനി. അഹമ്മദാബാദിലാണു കുടുംബം താമസമുറപ്പിച്ചത്. അസുമാലിനു 10 വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. നാലാം ക്ലാസിൽ വിദ്യാഭ്യാസം അവസാനിപ്പിച്ചു.

രാജസ്ഥാനിലെ അജ്മേർ റെയിൽവേ സ്റ്റേഷനിൽനിന്നു ദർഗ ഷെരീഫിലേക്കു തീർഥാടകരെ കൊണ്ടുപോകുന്ന ടോങ്കവാലയുമായിരുന്നു കുറെക്കാലം. സിന്ധി ആയാണ് അസുമാൽ അന്ന് അറിയപ്പെട്ടത്. ഒരു ബന്ധുവിന്റെ സഹായത്തോടെയാണ് അജ്മേറിലെ ജോലി കിട്ടിയത്. രണ്ടു വർഷത്തോളം ഇതുമായി കഴിഞ്ഞു. പിന്നീടാണ് ആധ്യാത്മിക അന്വേഷണവുമായി ഹിമാലയത്തിലേക്കു പോകുന്നത്. 1964ൽ അസാറാം എന്നു പേരു ലഭിച്ചു. 1970കളുടെ തുടക്കത്തിൽ അഹമ്മദാബാദിലെ മൊട്ടേര ഭാഗത്ത് സബർമതി നദിയുടെ തീരത്തു തിരികെ എത്തി. 1972ൽ മോക്ഷകുടീരം എന്ന പേരിൽ ചെറിയ ആശ്രമം തുടങ്ങി.

2013ൽ കേസിൽപെട്ട് ജയിലിൽ എത്തുമ്പോഴേക്കും 10,000 കോടിയിലേറെ രൂപയുടെ ആസ്തിയുള്ള വ്യക്തിയായി അസാറാം ബാപ്പു മാറിയിരുന്നു. ആശ്രമങ്ങൾ ഇരിക്കുന്ന സ്ഥലങ്ങളുടെയും കെട്ടിടങ്ങളുടെയും വില വേറെ. 40 വർഷംകൊണ്ട് ഇന്ത്യയിലും വിദേശത്തുമായി നാനൂറിലേറെ ആശ്രമങ്ങളാണ് അസാറാം തീർത്തത്. എന്തിനും തയാറായി പതിനായിരക്കണക്കിന് ആരാധകരും ശിഷ്യന്മാരും. വിവാഹിതനാണ് അസാറാം. ഭാര്യ ലക്ഷ്മീദേവി. നാരായൺ സായി എന്ന മകനും ഭാരതി ദേവി എന്ന മകളുമുണ്ട്. ഗുജറാത്തിലെ സൂറത്തിൽ അച്ഛനും മകനും ഉൾപ്പെട്ട പീഡനക്കേസിൽ നാരായൺ സായിയും ജയിലിലാണ്.

2008 ലാണ് അസാറാമിന്റെ തകർച്ചകൾക്കു തുടക്കം. മൊട്ടേരയിലെ ഗുരുകുൽ ആശ്രമത്തിൽ താമസിച്ചു പഠിച്ചിരുന്ന ബന്ധുക്കളായ രണ്ടു കുട്ടികൾ സംശയാസ്പദമായ സാഹചര്യത്തിൽ കൊല്ലപ്പെട്ടു. ഇവരുടെ മൃതദേഹം ആശ്രമത്തിനു സമീപം നദീതീരത്തുനിന്നാണു കണ്ടുകിട്ടിയത്. മാതാപിതാക്കൾ പൊലീസിനെ സമീപിച്ചെങ്കിലും കേസ് എടുത്തില്ല. ആഭിചാരക്രിയകളെ തുടർന്നാണു കുട്ടികൾ കൊല്ലപ്പെട്ടതെന്ന് ആരോപണം ഉയർന്നിരുന്നു. ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നു പ്രത്യേക സംഘം അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. ആശ്രമത്തിലെ ചിലർ അന്നു പിടിയിലായെങ്കിലും അസാറാമിനു മേൽ കുറ്റം കണ്ടെത്തിയില്ല.

പിന്നീടാണ് 2013ൽ ഇപ്പോൾ ശിക്ഷ വിധിക്കപ്പെട്ട കേസുണ്ടായത്. ഇതിൽ അറസ്റ്റിലായ ശേഷമാണ് സൂറത്തിലെ സഹോദരിമാർ അച്ഛനും മകനുമെതിരെ പീഡനക്കേസുമായി പൊലീസിനെ സമീപിക്കുന്നത്. ഇതിന്റെ വിചാരണ ഗാന്ധിനഗറിലെ കോടതിയിൽ പുരോഗമിക്കുന്നു. പല സ്ഥലങ്ങളിലും ഭൂമി കയ്യേറിയാണ് ആശ്രമങ്ങൾ സ്ഥാപിച്ചതെന്ന പരാതിയും പിന്നാലെയുണ്ടായി, പീഡനക്കേസുകളിൽ സാക്ഷി പറഞ്ഞവർ കൊല്ലപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നതു സാധാരണമായി. പിടിയിലായവരിൽ ഒരാൾ തങ്ങളുടെ ആചാര്യനാണു കൊല നടത്തിയതെന്നു സമ്മതിക്കുകയും ചെയ്തു.

നിർഭയ കേസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ ഭാഗത്തെ തെറ്റാണ് മാനഭംഗത്തിനു കാരണമായതെന്ന പ്രസ്താവനയിലൂടെ അസാറാം വിവാദമുണ്ടാക്കിയിരുന്നു. ‘സഹോദരങ്ങളേ’ എന്നു വിളിച്ചു പെൺകുട്ടി കരഞ്ഞു കേണിരുന്നുവെങ്കിൽ അവർ ഒന്നും ചെയ്യില്ലായിരുന്നു എന്നായിരുന്നു അസാറാമിന്റെ അന്നത്തെ പരാമർശം.