ജയിൽ ജീവിതം ക്ഷണികം, നല്ല കാലം വരും: അസാറാം

ജോധ്പുർ ∙ തന്റെ ജയിൽ ജീവിതം ക്ഷണികമായിരിക്കുമെന്നും ഇനി നല്ല കാലം വരുമെന്നും അസാറാം ബാപ്പു. ജോധ്പുർ ജയിലിൽ ജീവിതാന്ത്യം വരെ തടവുശിക്ഷ അനുഭവിക്കുന്ന അസാറാം സബർമതി ആശ്രമത്തിലെ അന്തേവാസിയോടു ഫോണിൽ സംസാരിക്കവെയാണ് ഇങ്ങനെ പറഞ്ഞത്. 15 മിനിറ്റ് നീളുന്ന ശബ്ദരേഖ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഫോൺ വിളിക്കാൻ ജയിൽ അധികൃതരുടെ അനുമതി നേരത്തെ നേടിയിരുന്നു. മാസം 80 മിനിറ്റ് ഫോണിൽ സംസാരിക്കാൻ തടവുകാരെ അനുവദിച്ചിട്ടുണ്ട്.

പ്രഭാഷണം പോലെ നീളുന്ന അസാറാമിന്റെ ശബ്ദമാണു മുഖ്യമായും ഓഡിയോ ടേപ്പിലുള്ളത‌്. അവസാനം കൂട്ടുപ്രതി ശരത്തും സംസാരിക്കുന്നു. ജയിലിൽ വിഷമിക്കാനൊന്നുമില്ലെന്നു ശരത് പറയുന്നു. സമാധാനം നിലനിർത്തിയതിനും വിധിദിവസം ജോധ്പുരിലേക്കു വരാതിരുന്നതിനും അനുയായികളോടു നന്ദി പറഞ്ഞുകൊണ്ടാണു തുടക്കം.

നിയമസംവിധാനത്തെ നാം മാനിക്കണം. ആശ്രമത്തിനു പേരുദോഷം വരുത്തി പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണു ചിലർ. ഇത്തരം പ്രകോപനങ്ങളിൽ വീഴരുത്. ഇരുപതു വർഷത്തെ തടവുശിക്ഷ കിട്ടിയ കൂട്ടുപ്രതികളായ ശിൽപി, ശരത് ചന്ദ എന്നിവരുടെ മോചനത്തിനുള്ള ഏർപ്പാടുകൾ താൻ ആദ്യം ചെയ്യുമെന്ന് അസാറാം പറയുന്നു. സ്വന്തം മക്കളുടെ കാര്യ ആദ്യം ചിന്തിക്കേണ്ടതു മാതാപിതാക്കളുടെ കടമയാണ്. ശിൽപിയെയും ശരത്തിനെയും മോചിപ്പിക്കാൻ കൂടുതൽ അഭിഭാഷകരെ ആവശ്യമുണ്ടെങ്കിൽ അതു ചെയ്യും. അതു കഴിഞ്ഞു താൻ ജയിലിൽനിന്നു പുറത്തുവരും. കീഴ്ക്കോടതിയിൽ എന്തെങ്കിലും തെറ്റു സംഭവിച്ചിട്ടുണ്ടെങ്കിൽ അതു പരിഹരിക്കാൻ മേൽക്കോടതികളുണ്ട്. സത്യത്തിനു (മറച്ചുപിടിക്കാൻ) മൂടിയും അസത്യത്തിനു (നിലനിൽക്കാൻ) കാലുമില്ല. ആരോപണം എന്തുതന്നെയായാലും അതെല്ലാം അടിസ്ഥാനമില്ലാത്തതാണ് – വിവാദ സന്യാസി പറഞ്ഞു.