മിസൈൽ പരീക്ഷണം വിജയം; കരുത്തുനേടി തേജസ്

തേജസ്

ന്യൂഡൽഹി ∙ ഇന്ത്യൻ വ്യോമസേനയ്ക്കു കരുത്തു പകർന്നു തേജസ് യുദ്ധവിമാനത്തിൽനിന്നുള്ള മിസൈൽ പരീക്ഷണം വിജയം. ഗോവ തീരത്തു നടത്തിയ പരീക്ഷണത്തിൽ തേജസിൽനിന്നു തൊടുത്ത ഡെർബി മിസൈൽ ലക്ഷ്യം കണ്ടു. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് (എച്ച്എഎൽ), കേന്ദ്ര പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡിആർഡിഒ) എന്നിവയുടെ മേൽനോട്ടത്തിൽ തദ്ദേശീയമായി വികസിപ്പിച്ച തേജസ് ‌വ്യോമസേനയുടെ യുദ്ധവിമാന ശേഖരത്തിന്റെ ഭാഗമാക്കുന്നതിനുള്ള പരീക്ഷണങ്ങൾ അന്തിമഘട്ടത്തിലാണെന്നു പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. 

ചൈന, പാക്ക് അതിർത്തികളിൽ ഈയിടെ നടത്തിയ ഗഗൻശക്തി വ്യോമാഭ്യാസത്തിൽ തേജസ് പരീക്ഷണപ്പറക്കൽ നടത്തിയിരുന്നു. വ്യോമസേനയുടെ ഭാഗമാകുന്നതിനുള്ള അന്തിമ അനുമതി ലഭിക്കുന്നതിൽ മിസൈൽ പരീക്ഷണം നിർണായകമാണെന്നു ഡിആർഡിഒ ചെയർമാൻ എസ്.ക്രിസ്റ്റഫർ ചൂണ്ടിക്കാട്ടി. വിങ് കമാൻഡർ സിദ്ധാർഥ് സിങ് പറത്തിയ വിമാനത്തിൽനിന്നാണു മിസൈൽ വിജയകരമായി തൊടുത്തത്. 

ഇനിയെന്ത്? 

ഡെർബി മിസൈൽ ഘടിപ്പിച്ച തേജസ് വിമാനത്തിന്റെ സ്ക്വാഡ്രൺ (18 യുദ്ധവിമാനങ്ങളുടെ ശേഖരം) സജ്ജമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കും. സുഖോയ് 30 എംകെഐ യുദ്ധവിമാനത്തിൽ ബ്രഹ്മോസ് ക്രൂസ് മിസൈലുകൾ സജ്ജമാക്കുന്നതിനുള്ള ജോലികളും പുരോഗമിക്കുകയാണ്. 

ഡെർബി മിസൈൽ 

ശബ്ദത്തെക്കാൾ നാലു മടങ്ങു വേഗത്തിൽ കുതിക്കുന്ന ഇസ്രയേൽ നിർമിത മിസൈൽ. ദൂരപരിധി 50 കിലോമീറ്റർ. 118 കിലോ ഭാരമുള്ള മിസൈലിന് 23 കിലോ പോർമുന വഹിക്കാൻ ശേഷിയുണ്ട്. തൊടുത്തശേഷം ദിശ നിയന്ത്രിച്ചു ലക്ഷ്യസ്ഥാനത്തെത്താൻ കഴിയുംവിധമുള്ള റഡാർ സംവിധാനം സജ്ജമാക്കിയ മിസൈലിനെ ഏതു കാലാവസ്ഥയിലും പ്രവർത്തിപ്പിക്കാം. നീളം 362 സെന്റി മീറ്റർ.