ആധാർ മികച്ചത്; മറ്റു രാജ്യങ്ങൾക്കും മാതൃകയെന്ന് ബിൽ ഗേറ്റ്സ്

വാഷിങ്ടൻ ∙ ഇന്ത്യയുടെ ആധാർ സംവിധാനത്തിൽ സ്വകാര്യതാ ലംഘന ഭീഷണിയോ സാങ്കേതികപ്രശ്നങ്ങളോ ഇല്ലെന്നു മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്. ലോകബാങ്കിന്റെ സഹകരണത്തോടെ ആധാർ മാതൃക മറ്റു രാജ്യങ്ങളിലേക്കു വ്യാപിപ്പിക്കാൻ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ ശ്രമം തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.

യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ആദ്യ ചെയർമാനും ഇൻഫോസിസ് സഹസ്ഥാപകനുമായ നന്ദൻ നിലേകനിയാണു പദ്ധതിക്കായി ലോകബാങ്കിനെ സഹായിക്കുന്നത്. ആധാറിൽ സുരക്ഷാഭീഷണിയില്ലെന്നും ലോകത്തിലെ ഏറ്റവും വലിയ ബയോ മെട്രിക് സംവിധാനമാണിതെന്നും മറ്റു രാജ്യങ്ങളിലേക്കു വ്യാപിപ്പിക്കാൻ മാത്രം മൂല്യമുള്ളതാണെന്നും ബിൽ ഗേറ്റ്സ് പറഞ്ഞു. പല രാജ്യങ്ങളും ഇന്ത്യയുടെ മാർഗനിർദേശം തേടിയിട്ടുണ്ടെന്നും ബിൽ ഗേറ്റ്സ് പറഞ്ഞു.