നിർഭയ കേസ്: പുനഃപരിശോധനാ ഹർജി വിധി പറയാൻ മാറ്റി

ന്യൂഡൽഹി ∙ രാജ്യവ്യാപകമായി പ്രതിഷേധ കൊടുങ്കാറ്റുയർത്തിയ ഡൽഹി കൂട്ടമാനഭംഗ കൊലപാതക കേസിൽ (നിർഭയ കേസ്) വധശിക്ഷ ശരിവച്ചതിനെതിരെ നാലു പ്രതികളിൽ രണ്ടുപേർ സമർപ്പിച്ച പുനഃപരിശോധനാ ഹർജി സുപ്രീംകോടതി വിധി പറയാൻ മാറ്റി. അടുത്ത ചൊവ്വാഴ്ചയ്ക്കകം ഇരുഭാഗവും വാദങ്ങൾ എഴുതി നൽകാൻ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ആർ. ഭാനുമതി, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.

പ്രതികൾക്ക് വിചാരണക്കോടതി നൽകിയ വധശിക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവച്ചിരുന്നു. 2012 ഡിസംബർ 16ന് ആണ് ഓടിക്കൊണ്ടിരുന്ന ബസിൽ ഫിസിയോതെറപ്പി വിദ്യാർഥിനി കൂട്ടമാനഭംഗത്തിനിരയായത്. പിന്നീടു സിംഗപ്പുരിൽ ചികിൽസയിലിരിക്കെ മരിച്ചു. പ്രതികളായ മുകേഷ് (29), വിനയ് ശർമ (23), അക്ഷയ് കുമാർ സിങ് (31), പവൻ ഗുപ്ത (22) എന്നിവർക്കാണ് വധശിക്ഷ വിധിച്ചിട്ടുള്ളത്.

ഇതിൽ മുകേഷ് സമർപ്പിച്ച പുനഃപരിശോധനാ ഹർജിയിൽ നേരത്തേ വാദം പൂർത്തിയായിരുന്നു. വിനയ് ശർമ, പവൻ ഗുപ്ത എന്നിവർ സമർപ്പിച്ച ഹർജിയാണ് ഇപ്പോൾ പരിഗണിച്ചത്. അക്ഷയ് കുമാർ ഹർജി നൽകിയിട്ടില്ല. മറ്റു പ്രതികളിലൊരാളായിരുന്ന ഡ്രൈവർ റാം സിങ് തിഹാർ ജയിലിൽ ആത്മഹത്യ ചെയ്തു. പ്രായപൂർത്തിയാകാത്ത ആൾ മൂന്നുവർഷത്തെ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങി.