ഭീകരാക്രമണം ലക്ഷ്യമിട്ട യുവാവ് അറസ്റ്റിൽ

മുംബൈ ∙ പാക്കിസ്ഥാൻ തീവ്രവാദി ക്യാംപിൽ ചാവേർ ബോംബ് സ്ഫോടനത്തിൽ പരിശീലനം നേടിയ മുപ്പത്തിരണ്ടുകാരൻ മുംബൈയിൽ അറസ്റ്റിൽ. ചില പ്രമുഖരെ വധിക്കാൻ ലക്ഷ്യമിട്ടെത്തിയ ഇയാൾ നഗരത്തിൽ കറങ്ങുന്നതിനിടെയാണു പിടിയിലായതെന്നു ഭീകരവിരുദ്ധ സേന (എടിഎസ്) അറിയിച്ചു. പൊതുസ്ഥലങ്ങളിലും തിരക്കേറിയ കേന്ദ്രങ്ങളിലും ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി ചോദ്യംചെയ്യലിൽ സമ്മതിച്ചു. 

ഷാർജ, ദുബായ് എന്നിവിടങ്ങളിൽ തീവ്രവാദി സംഘങ്ങളുടെ നേതൃത്വത്തിലുള്ള ക്യാംപുകളിൽ ഇയാൾ സന്ദർശനം നടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. 

സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്യാനും അത്യാധുനിക തോക്കുകൾ ഉപയോഗിക്കാനും വിദഗ്ധ പരിശീലനം ലഭിച്ചിട്ടുള്ള ഇയാളെ മുംബൈയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന ഒരാളാണു പാക്കിസ്ഥാനിലേക്കു വിളിപ്പിച്ചതെന്ന് എടിഎസ് വെളിപ്പെടുത്തി. 

ഐഎസ് പിന്തുണയുള്ള ഭീകരസംഘടനയിലാണ് ഇയാൾക്കു പരിശീലനം ലഭിച്ചതെന്നാണു മനസ്സിലാക്കുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 21 വരെ എടിഎസ് കസ്റ്റഡിയിൽ റിമാൻഡിലാണ് ഇയാൾ.